Powered By Blogger

2024, ഏപ്രിൽ 2, ചൊവ്വാഴ്ച

കൊച്ചേട്ടൻ

 തങ്കം..മോ...ശഹേലം  മീഞ്ചാര്‍ ഇവിടെ ഫ്രീ ആയിട്ട്   ഒന്ന്  താളിച്ചേക്കണെ .."

കയറ്റത്തിലെ കടയുടെ കിളിവാതിലിലൂടെ ഇറക്കത്തിലെ വീടിന്റെ അടുക്കളയിലേയ്ക്ക് ഭാര്യ തങ്കമ്മയ്ക്ക്    ഒരു മിസ്‌ കാള്‍..റിപ്ലേ കാത്ത് ഉണ്ണാതെ ഇരിക്കുന്നവന്‍ ചുമ്മാ ഇരിക്കത്തെ ഉള്ളു ...എന്നാല്‍ സ്ഥിരം ഊണ് കാരന് അറിയാം ഇതൊരു പരസ്യം മാത്രം ആണെന്ന്...വിശന്നു,  വയറു പോപ്‌ കോണ്‍ പോലെ പോരിയുംപോള്‍ പിരിച്ചെടുത്ത ചില്ലറ  എട്ടു  രൂപയുമായി ബെഞ്ചിന്റെ ഒരറ്റത്ത് ഞങ്ങള്‍ മൂന്ന് പേര്‍, സ്ഥിരം നാടക വേദി.. ഒരിലയും..  ഒരൂണും.

പിന്നുള്ള  വിൽസിന്റെ  കാശ്  സ്ഥിരം കട ,സ്ഥിരം  കടം , മൂന്നു  പേർ  മാറി  മാറി വലിച്ചു  കമ്പിനി wd &ho wills കത്തി ഫിൽറ്ററിൽ പിടിയ്ക്കുമ്പോൾ മനസ്സില്ലാമനസോടെ കുറ്റി എറിഞ്ഞു കളയില്ല ആദരവോടെ താഴെയിടും. പറ്റു കാശിന് ചോദ്യം വരും മുമ്പ് ഉള്ളത് കൊടുത്ത് ജപ്തി ഒഴിവാക്കും. 


വാഴ ഇല വെയിലത്ത്‌ വാട്ടി തുടച്ച് അതില്‍ പുന്നെല്ലിന്റെ ചോറും നടുക്ക്  വലിയ സ്റ്റീല്‍ ചരുവത്തില്‍ തവി ഇട്ടു മരണ കിണര്‍ പോലെ കറക്കി അവസാനം ഒരു സ്പൂണ്‍ പരിപ്പ് കറി, ഒഴിച്ചതല്ല , എറിഞ്ഞ് പറ്റിച്ചത് ,

കോണില്‍ ഇത്തിരി പയര്‍ തോരന്‍,  കടു മാങ്ങാ ..അര പപ്പടം

നീട്ടി പിടിച്ച ഒരു മീന്‍ കറി..അതിന്റെ കഷണം മുടി വച്ച് മുറിച്ചിരിക്കണം! (ത്രെഡിംഗ്!!) ആ മീന്‍ തീരുമ്പോള്‍ ഇനിയും കറി  വിളമ്പുമായിരിക്കും  എന്ന് പകല്‍ കിനാവ്‌ കാണുന്നവന് ഒരു കൊളുത്താണ്  “ഫ്രീ മീന്‍ ചാര്‍ “പ്രയോഗം. അല്ലെങ്കില്‍ ഒരിക്കലും നടക്കാത്ത സ്വപ്നം.

ഞങ്ങള്‍ മുഖം മറച്ചു ചിരിക്കും...ആദ്യം ഞങ്ങള്‍ക്കും പറ്റിയപ്പോള്‍ ആരെങ്കിലും   ഉറപ്പായിട്ടും ചിരിച്ചിരിക്കണം.


ഇത് കൊച്ചേട്ടന്റെ ചായ മക്കാനി..!  ധാബാ ..  അല്ലെങ്കില്‍ പറുദീസാ ഹോട്ടല്‍!! 

സിഗരറ്റും നാരങ്ങാ സര്‍ബത്തും പഴവും എന്ന് വേണ്ടാ ചൂട് കട്ടനും ബീഡിയും വടയും...ബോളിയും 

മൂലധനമോ,  വൈരുദ്ധ്യാത്മക  ഭൌതിക വാദമോ ഇല്ല..എന്നാല്‍ നീണ്ടു നിവര്‍ന്ന് അല്ലെങ്കിലും ഒടിച്ചു കുത്തി കെടക്കാന്‍ ഒരു ബെഞ്ച്‌ തിണ്ണയില്‍ ഉണ്ട്..

പക്ഷെ കെടക്കാന്‍ അനുവാദം ഇല്ല ഒപ്പം രാഷ്ട്രീയം ക, മാ എന്ന് പോലും മിണ്ടാനും പറ്റില്ല.

പട്ടാള ചിട്ടയാ..അനുസരിച്ചില്ലെങ്കില്‍

" നാളെ ഇതിനകത്ത് കേറാന്‍ നോ..പറ്റു പുസ്തകവും പുരിപ്പിച്ചേച്ചു അങ്ങ് പോയാട്ടെ.." കൊച്ചേട്ടന്റെ ഭാഷ. 

വെഷത്തിനു  പോയിട്ട്, വേഷത്തിന് പോലും   പരുങ്ങുന്നവര്‍ ആരും    ഒരിക്കലും ആ  ലക്ഷ്മണ രേഖ മുറിച്ചിട്ടില്ല..അത് കാരണം രാഷ്ട്രീയ ഭേദ ഭാവങ്ങള്‍  കോളജ് ഗേറ്റ് കടന്ന് പുറത്ത് വന്നാൽ വാനിഷ് ചെയ്യുമായിരുന്നു...സ്വത്വത്തെ കുറിച്ചുള്ള തിരിച്ചറിവ് ..പറ്റു പുസ്തകം പഠിപ്പിച്ചിരുന്നു..struggle for existence സുവോളജി ക്ലാസിലെ ഡാർവിനും


നാല് പുത്തന്‍ കൈയ്യില്‍ ഉള്ള ഐസ് ക്രീം കുഞ്ഞുങ്ങള്‍ സോപ്പ് കുട്ടന്മാർ കുട്ടത്തികൾ ആരും ‌ മൂട്ട കടി ഏല്‍ക്കാന്‍ അങ്ങോട്ട് കേറി വരികേമില്ല..അവരായി അവരുടെ പാടായി..അവർക്ക് താഴെ വഴിയിൽ ബേക്കറിയുണ്ട്. ഫാനിന്റെ കീഴിൽ ലാവിഷ്. 

ഞങ്ങളോ,  കടയ്ക്ക് അകത്തെ വട്ട  മരം കീറി അടുപ്പില്‍ വച്ചതിന്‍റെ പൊകയോ..പഴയ കൂ കൂ തീവണ്ടി പോലെയും..കണ്ണില്‍ മുളക് എഴുതിയ പോലെ.. കണ്ണു നീറി ചൈനീസ് കണ്ണാകും. എന്നാലും അതിനൊരു സുഖമുണ്ടു താനും. 


ഇത്രയും ആമുഖം..കഥ അല്ലിത്.. എന്നാല്‍..കഥയായി മാറി.   ഓരോരോ കാലത്തിലും കഥകള്‍ ഉണ്ടായതും  ഇങ്ങനെ ആയിരുന്നിരിക്കണം. 

എണ്‍പതുകളില്‍ മുണ്ടും മുറുക്കി ഉടുത്ത് കോളജ് ക്യാമ്പസ്സില്‍  ഒരു കക്ഷത്തില്‍ ഏതെങ്കിലും പുസ്തകവുമായി            എസ് എഫ് ഐ യും, കെ എസ് യു  വും ,എബിവിപി യുമൊക്കെ പടുത്ത് ഉയര്‍ത്താന്‍ അന്തരീക്ഷത്തില്‍ കൈയ്യുകള്‍ എറിഞ്ഞ് , പല്ലുകള്‍ കോര്‍ത്ത, ഇത്തിരി പ്രേമവും ഒത്തിരി റൊമാന്‍സും, അതിലേറെ  നൈരാശ്യവും , താടിയും ..ബീഡിയും..ലഖു ലേഖകളും..ജഗ പൊകയും ഒക്കെ കരുതിയ  ഓരോ മലയാളീടെം മനസ്സില്‍ എന്നും എവിടെയും   ഉള്ള ഒരു കൊച്ചേട്ടന്‍  . കഥ മെനഞ്ഞ എത്ര എത്ര..കൊച്ചേട്ടന്മാർ 

കോളേജ് കാമ്പസുകളുടെ ചരിത്ര ഏടുകളിൽ ചുറ്റി പറ്റി നിറഞ്ഞു നിൽക്കുന്നു


ഞങ്ങള്‍ക്കും ഉണ്ടായിരുന്നു  ഒരു കൊച്ചേട്ടന്‍..പേരില്‍ മാത്രം.  പ്രായം കൊണ്ടും പറച്ചില്‍ കൊണ്ടും  അമ്പേ   വല്ല്യേട്ടനും..

കിനാവള്ളിയുടെ കൈ കാലുകള്‍ , നടുവേ കീറി പകുത്ത കറുത്ത് വെളുത്ത മുടി ഇഴ..പഴുതാര മീശ , തിളങ്ങുന്ന കണ്ണുകള്‍ , വട്ട ചെവി ,കുഴിഞ്ഞ നെഞ്ചിന്റെ പകുതി കാണുന്ന പച്ച മിലിട്ടറി ബനിയന്‍..ലഡാക്കില്‍ ജോലി ചെയ്ത ഒരു ബാഡ്ജ് അതിൽ   എന്തോ ഒരു മൃഗ തലയുടെ പടവും, അതേല്‍ പിന്നെയും ഒരു സേഫ്ടി പിന്നും..പല്ലിട കുത്താനും ചെവിയില്‍ ഇടാനും  മള്‍ടി പര്‍പസ്.       കളം  കളം ഫോറിന്‍ കൈലി ഇടയ്ക്കിടെ  അഴിയും  അപ്പോള്‍ കൊച്ചേട്ടന്റെ പുക്കിളും വരയന്‍ നിക്കറും കാണാം. കൂട്ടി ഉടുക്കുമ്പോൾ ഇടം കണ്ണു ചിമ്മി ഒരു സൈറ്റഡി ഞങ്ങൾക്ക് നേരെ. 

അദ്ദേഹത്തെ ചുറ്റി പറ്റി ഒരു ചായക്കട  . മൂന്ന് കാലില്‍ തല എടുപ്പോടെ മൂന്നാം കാലം കൊട്ടുന്ന ഒരു സമോവറും...അതില്‍ പകുതി ചൂടില്‍ അങ്ങനെ കെടക്കുന്ന വെള്ളവും..

പട്ടിക കഷണം തല്ലി കൂട്ടി അതിന്മേല്‍ മുന്ന് ഇഞ്ചിന്റെ ആണികള്‍ ആവശ്യത്തില്‍   അധികം അടിച്ചു കയറ്റി പലക കോണിച്ചു  വച്ച ഡെസ്ക് എന്ന സ്വയം കൃത അനർഥവും

വെട്ടു കല്ല്‌ പകുതി കെട്ടി പൊക്കി അതിന്മേല്‍ ചാണകം മെഴുകിയ പാതകം..അലുമിനിയം കലത്തില്‍ മുകളിലൂടെ ഒലിച്ചിറങ്ങിയ കരിഞ്ഞ്  ഉണങ്ങിയ  പാല്‍ പതകള്‍..അഗ്നി പർവതത്തിലെ ഉരുകിയ ലാവ പോലെ.

ചാരം മൂടി കെടക്കുന്ന കനല്‍ കൂന..ബീഡി കത്തിയ്ക്കാന്‍ ഒരു കനല്‍ കഷണം ഗവേഷണം ചെയ്തു കണ്ടെത്തണം. കിട്ടിയാലോ ചാരം പരമശിവന്‍ചൂടിയ പോലാകും! അടയ്ക്കാനും തുറക്കാനുമുള്ള 

നെര പലകകള്‍ തങ്കമ്മ ചേടത്തീടെ പാവാട വള്ളി കൊണ്ട് കെട്ടി ഭിത്തിയോട് ചേര്‍ത്ത് വച്ചിരിക്കുന്നു..  തറയില്‍,  മുകളിലെ ഓല ടെലി സ്കൊപ്പിലുടെ വന്നു വീണ സൂര്യ മുട്ടകള്‍ പല വലിപ്പത്തില്‍  പൊട്ടാതെ ..ബ്ലോക്ക് മുട്ട അല്ലാതിരുന്നതിനാലാകം,   നേരിയ മഞ്ഞ ചുവ മുട്ടകള്‍ക്ക് കൂടുതൽ ഉണ്ടായിരുന്നു.

മണ്‍ ഭിത്തിയില്‍ സോമനും ജയഭാരതിയും  അകന്നു നിന്നു ഉമ്മ കൊടുക്കുന്ന പടം..ആരോ കരികൊണ്ട് യോജിപ്പിച്ചിരിക്കുന്നു....കൊച്ചേട്ടന്‍ കാണാഞ്ഞതല്ല ..പിള്ളാരല്ലേ എന്ന് കരുതി..പിന്നെ കാനത്തിന്റെ കഥയുമല്ലേ.

രണ്ടു ബെഞ്ചും ഒരു ഡെസ്കും ....ബീഡി പെട്ടിയുടെ ഒരു മുറിയില്‍ കാജ , ദിനേശ് ബീടികളുടെ ഒഴിഞ്ഞ കവറുകള്‍..ഒരു മുറിയില്‍ പനാമ , വില്‍സ് , ചാര്‍മിനാര്‍ സിഗരറ്റുകളുടെ നിറം മങ്ങിയ കൂടുകള്‍..സിഗരറ്റോ ബീടിയോ ഇല്ലാഞ്ഞല്ല..കൊച്ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍.." ചുമ്മാ വാങ്ങി വലിച്ചു തള്ളിയെച്ചങ്ങു പോഹും..പറ്റുമില്ല പറകേമില്ല..അവനെ ഒക്കെ വലിപ്പിക്കാന്‍ ഞാനാരാ വലിവിന്റെ ഡോക്ടറോ.."

(ഓസില്‍ പൊഹ  വലിക്കുന്നവന്‍ ആരായാലും അവനെ വലിവിന്റെ ദീനക്കാരന്‍ എന്നെ കൊച്ചേട്ടന്‍ വിളിക്കൂ ..പല സുഹ്രതുക്കളെയും ഞങ്ങള്‍ ആ പേര്‍ വിളിച്ചിരുന്നു...)


ചിരിച്ചോണ്ട് പിന്നെ പറയും "നിങ്ങള്‍ക്ക് ഒള്ളത് ഞാന്‍ മേശയ്ക്ക് അഹത്ത് വച്ചിട്ടുണ്ട്...ഒന്നോ രണ്ടോ ഒള്ള്”

ക" എന്നതിന് പഹരം" കൊച്ചേട്ടന്‍  ഹ " കേറ്റും  എഫക്റ്റ് കൂട്ടാന്‍..എല്ലാത്തിനും ഒടുവില്‍ ഒരു നീട്ടും..തങ്കം ..മോ വിളി പോലെ.


ബെഞ്ചില്‍ ഇരുന്ന്  "  വില്‍സ് ഇല്ലേ കൊച്ചേട്ട "എന്നൊരു ചുമ്മാ ചോദ്യം ഇട്ടു...

രണ്ടു കൈയും കൊട്ടി  വള്ളി കാലൊന്നു പിണച്ചു വച്ച്  ഉച്ചത്തില്‍ ചിരിച്ചോണ്ട് കൊച്ചേട്ടന്‍ പറഞ്ഞു " കാശ് കമ്മി ..ആകെ മൂന്ന് പാക്കറ്റ് വില്‍സാ വാങ്ങിയത്..എന്റെ മൂത്ത മഹന്‍ ശഹലം  വലിവിന്റെ ഏനക്കേട് കാരനാ  അവന്‍ ഞാന്‍ കാണാതെ രണ്ടു പാക്കറ്റ് അങ്ങ് മുക്കി..ഒരു പാക്കറ്റ് കര്‍ത്താവിന്റെ കാരുണ്യം കൊണ്ടു കാണാതെ പോയതോ എന്തോ മിച്ചം ഉണ്ട്..അതേന്ന് ഒരെണ്ണം പണം അടച്ചു എടുത്താട്ടെ.." ലോഹ്യം എത്ര  കൂടുതല്‍    ആയാലും   പണം അടയ്ക്കാത്ത ഒരു ബന്ധവും കൊച്ചേട്ടന്‍ എടുക്കത്തില്ല. തന്നെയുമല്ല കടേലെ കോഡ്  ഓഫ് കോണ്ടാക്റ്റ് ഏത് വലിയവനും പാലിക്കുകയും വേണം...പട്ടാള ചിട്ട


ഒരിക്കല്‍ “ലോലോലിക്ക" എന്ന് ഞങ്ങള്‍ ഒമാനപേര്‍ വിളിക്കുന്ന  സുമുഖനായ പ്രൊഫസര്‍ നൈജീരിയയില്‍ നിന്നും പിന്നേം വന്നു പണി തുടങ്ങിയ കാലം ...മറ്റു പ്രൊഫസര്‍മ്മാരും ഒപ്പം ഉണ്ണാന്‍ വന്നു..ചിരി കളി തമാശകള്‍..ബെഞ്ചിന്റെ ഓരം ചാരി ഇരിക്കുന്ന ഞങ്ങള്‍ അറിവില്ലാ പൈതങ്ങളെ ഒന്ന് ഉഴിഞ്ഞു.." അല്ല സാറേ ഇവമ്മാര്‍ എപ്പോഴും  ഇവിടെ  ഈ ഇരിപ്പ്  ആണല്ലോ  ക്ലാസ്സില്‍ ഒന്നും പോകണ്ടായോ  "

എന്ന് മറ്റൊരു സഹ പ്രവര്‍ത്തകനുമായി കുശലം വച്ചു...അപ്പോള്‍ മറുപടി " ഓ അവരൊക്കെ ഹോട്ടല്‍ മാനെജ്മെന്റ് പഠിക്കുകയാ..സാറെ" എന്ന്.      

ഞങ്ങള്‍ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവർ നിർമ്മമരായി ഇരുന്നു. എന്തു പറയാൻ സത്യത്തിന്റെ മുഖം വക്രിച്ചതാ !


ഇലകള്‍ കൊച്ചേട്ടന്‍ ഭംഗിയായി വിതാനിച്ചു ..ഒരു കോണില്‍ നിന്നും വിളമ്പും തുടങ്ങി..നമ്മുടെ ലോലോലിക്ക സാര്‍ ഇല ഒന്ന് കുനിച്ചു വച്ചു  എന്നിട്ട് ഗ്ലാസില്‍ കുടിക്കാന്‍ കൊടുത്ത വെള്ളം കൈ കുടന്നയില്‍ എടുത്ത് ഇലയിലേക്ക് താളിച്ച്‌ താഴേയ്ക്ക്   ഒരു വീഴ്തല്‍.. പഞ്ച പ്രാണന് ഒരു മന്ത്ര കര്‍മ്മം പോലെ... എല്ലാം ശുഭം. 


വിളമ്പി വന്ന കൊച്ചേട്ടന്‍  സാറിന്റെ ഇലയില്‍ മാത്രം ഒന്നും എറിഞ്ഞില്ല!   കൂടിരുന്ന പ്രൊഫസര്‍ ഒരു ചോദ്യം             " എന്നാ  കൊച്ചേ   സാറും നമ്മുടെ ആളാ   വിളമ്പാൻ വിട്ട് പോയോ.."

കൊച്ചേട്ടന്‍ താളത്തില്‍ തിരിഞ്ഞു..എന്നിട്ട്  അശരീരി പോലെ പറഞ്ഞു..."രാവിലെ മുറിച്ച് കഴുകി തൊടച്ച് വയ്ക്കുന്ന എലയാ..അതേല്‍ ഇനി മിനുക്ക്‌ പണി കാണിക്കുന്നവന്‍ ആരായാലും കൊച്ചിന്റെ കടേല്‍ ചോറില്ലാ..."  ലോലോലിക്ക സാര്‍ ഞങ്ങളെ നോക്കിയതും ഒന്നൂടെ തുടുത്ത്‌ ഒരു ചുവന്ന ചെറി  പഴമായി...ചക്കിനു വച്ചത് ചിക്കന് കൊണ്ടു! (ഞങ്ങൾ ജയിച്ചോ, ആ)

" ഓ പോട്ടെ കൊച്ചേ പുള്ളിക്കാരന് ഇവിടുത്തെ ചിട്ടകള്‍ അറിയത്തില്ലായിരുന്നു ആഫ്രിക്കേൽ അല്ലാരുന്നോ."..കൂട്ടത്തിൽ ഗംഭീരനായ സുവോളജി പ്രൊഫസർ ലോലോലിക്ക സാറിന് താങ്ങി  കൊടുത്തു നേരെ നിർത്തി. 

" ഏതായാലും ഇന്ന് ചോറിടാം  നാളെ മുതല്‍ ഈ ബുക്കിംഗ് ഇവിടെ വേണ്ടാ..." കൊച്ചേട്ടന്റെ ഉരുളയ്ക്ക് ഉപ്പേരി സാറമ്മാരുടെ ഊണിനു കൊഴുപ്പ് കൂട്ടി പക്ഷെ രുചി കുറഞ്ഞു കാണും..കാരണം പറഞ്ഞാൽ അത് ചെയ്യും. 

"കാര്‍ക്കശ്യമേ നിന്റെ പേര്‍ കൊച്ചെന്നോ" ..മലയാളം സാര്‍  ഉടന്‍ തടി കവിത ഒരു വരി കാച്ചി   ഉരുള  ഒരെണ്ണം    ഉരുട്ടി കാകളി വൃത്തത്തിൽ അണ്ണാക്കിന്റെ അഗാധതയിലേയ്ക്ക വലിച്ചെറിഞ്ഞു


പ്രേമിക്കുന്ന ഇണകള്‍ക്ക് ഒരു സിഗ്നല്‍ പോയന്റായിരുന്നു  കൊച്ചേട്ടന്റെ കടത്തിണ്ണ , ലണ്ടനിലെ  “ട്രാഫൽഗൻ സ്ക്വയർ”പോലെ .  ആ തിണ്ണയിൽ നിന്നും പല പല കൈമാറ്റങ്ങളും നിശ്വാസങ്ങളും ..നെടു വീര്‍പ്പുകളും ഇപ്പോഴും ഉയരുന്നുണ്ടാകാം..എത്ര അഗ്നി പര്‍വ്വതങ്ങള്‍ പുകഞ്ഞു...എത്ര എണ്ണം പൊട്ടി..എത്ര  മഞ്ഞിന്‍ പാളികള്‍  ഉരുകി ഒലിച്ച്  എങ്ങോ പോയി...

മിഥുനങ്ങള്‍..കുറുകി നില്‍ക്കുംപോള്‍ കൊച്ചേട്ടൻ ശബ്ദം താഴ്ത്തി മൃദുവായി പറയും " ഈ വള്ളം അക്കരെ എത്തുമോ? എന്നിട്ട് ചിരിച്ചു പിന്‍ വാങ്ങി വെറുതെ നോക്കി നില്‍ക്കും.


ഞങ്ങളുടെ പ്രണയം നട്ടപ്പോളും  നനച്ചപ്പോളും  പടര്‍ന്നു പന്തലിച്ചപ്പോളും  ഗുല്‍മോഹര്‍ പോലെ പൂത്തു ഉലഞ്ഞപ്പോളും കൊച്ചേട്ടന്‍ മൂക സാക്ഷി...പറ്റു പുസ്തകത്തില്‍ രണ്ടു പേരുടെ   പറ്റില്‍     ചിലപ്പോള്‍ ഒരാള്‍ക്ക്‌  ഇത്തിരി കിഴിവ് ഒക്കെ നല്‍കിയിരുന്നു... അത് അവൾക്കുമായിരുന്നു. 

അപ്പോഴും " ഈ വള്ളം അക്കരെ എത്തുമോ" എന്നുള്ള സ്ഥിരം ചോദ്യവും..


കോളജ് വിട്ട് അധികം കഴിയുന്നതിനു മു

മുൻപ് ചെറിയ പരിമിതിയിൽ ഒരു  കല്യാണം ഒക്കെ കഴിഞ്ഞു ഞങ്ങള്‍ കൊച്ചേട്ടനെ കാണാന്‍ ചെന്നു.."ഹായ്‌....എനിക്കറിയാമായിരുന്നുഈ തോണി അക്കര എത്തുമെന്ന്...ഹ ..ഹ..." കൊച്ചേട്ടന്‍ ചിരിച്ചോണ്ട് രണ്ടു ഗ്ലാസ് കട്ടന്‍ വൃത്തിയായി എടുത്തു കൈലിയില്‍ ഗ്ലാസ്സൊക്കെ തൊടച്ച്  മുന്‍പില്‍ വച്ചിട്ട് പറഞ്ഞു.." ഇതിനു പണം അടയ്ക്കണ്ടാ.."

പഴയ പറ്റ് ബുക്ക് ചൂണ്ടി പറഞ്ഞു..

“എനിക്കും കുഞ്ഞിലെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു..കോഴഞ്ചേരി പള്ളീല്‍ പോകുമ്പോളും മാരാമൺ കൺവെൻഷനും  ഒക്കെ കാണും, ചിരിക്കും മിണ്ടും. ഒരിക്കല്‍ കഷ്ടാനുഭവ വാരത്തിൽ മഞ്ഞ പിത്തം പിടിച്ച ജ്വരവുമായി അവള്‍ അങ്ങ് പോയി..എന്റെ പ്രേമോം കഴിഞ്ഞു...ആ വഴി ഞാന്‍ പട്ടാളത്തില്‍ പോയി  ലഡാക്കില്‍ ആയിരുന്നു...  ങ്ങ്ഹാ ..എല്ലാവര്‍ക്കും ഈ വള്ളം തുഴഞ്ഞു പോകാന്‍ പറ്റില്ലാ.."  അല്ലേലും ഒന്ന് പ്രേമിക്കാത്ത ഒരു കോന്തനും ഉണ്ടാകില്ലല്ലോ.....പക്ഷേ പലതും തോറ്റ്  തെരുവ് നായുടെ             മോങ്ങലു പോലായി മാറും”    പിന്നെ ഒരു മന്ദഹാസം..അതൊരു ചിരിയായി മാറി തോൽവിയും ജയവുമില്ലാത്ത ഒരു വെറും ചിരി. 


കൊച്ചേട്ട  ഇളയ മകന്‍ ..? ചോദ്യം തീരുന്നതിനു മുൻപ് ഉത്തരം വന്നു.. “എനിക്ക് ഇളയ മകന്‍ ഉണ്ട് പക്ഷെ അവന്‌ തന്ത ഇല്ല!..' 

ഞങ്ങള്‍ ഇതി കര്‍ത്തവ്യ ...പരസ്പരം നോക്കിയപ്പോള്‍ ..കൊച്ചേട്ടന്‍ പറഞ്ഞു.."ആഹപ്പാടെ ഇതാ ഒരു വരുമാനം ..അതേന്ന് അടിച്ചു മാറ്റി കാണാ കുണാ പരിപാടി പറ്റില്ല എന്നും പറഞ്ഞു ഞാനവനെ ഡിസ്മിസ് ചെയ്തു...വീട്ടിലെ ഫ്യൂസ് ഊരി കട്ടാക്കി” 


കാർക്കശ്യമേ”…എന്ന് മലയാളം സാര്‍ പണ്ട് പറഞ്ഞത് ഞാന്‍ ഓര്‍ത്തു.. യാത്ര പറഞ്ഞിറങ്ങി. "വല്ലപ്പോഴും വരണം പഴയ ആള്‍ക്കാരെ കാണുന്നത് ഒരു രസമാ..പ്രത്യേകിച്ചും ഇങ്ങനെ ഉള്ളവരെ ..." പ്രണയത്തിന്റെ ചിഹ്നം വായുവില്‍ വരഞ്ഞു കാണിച്ചു...ആകെ കുലുങ്ങി ചിരിച്ചു 


കാലം ഒത്തിരി കഴിഞ്ഞു..പമ്പയാറ്റിൽ  വെള്ളം ഒരു പാട് താഴോട്ട് ഒഴുകി..ചെറുകോൽപുഴ  മാരാമൺ കൺവെൻഷനുകൾ പലതു കഴിഞ്ഞു...കോട്ടയത്തിനപ്പുറത്തുള്ള തൊഴിലിടം  താണ്ടി സന്ധ്യയോടെ ടൌണില്‍ എത്തി കൂട്ടുകാരോട് കുശലം കഴിഞ്ഞ് സ്കൂട്ടര്‍ സ്റ്റാർട്ട് ചെയ്യുമ്പോള്‍   വെള്ള കുറ്റി താടി വളര്‍ത്തി ഒരു മാതിരി തളര്‍ന്നു..കൊച്ചേട്ടന്‍ മുന്‍പില്‍..കൈയില്‍ ഒരു തുണി സഞ്ചിയും.

ചിരിച്ചു ..വിളറിയ ചിരി...കൈ തന്നു ..തണുത്തിരിക്കുന്നു..."എന്താ കൊച്ചേട്ട ഈ സന്ധ്യക്ക്‌ ഇവിടെ " എന്റെ ചോദ്യം

താഴ്ന്ന സ്ഥായിയില്‍ കൊച്ചേട്ടന്‍ “പച്ച മരുന്ന് കട വരെ ഒന്ന് വന്നതാ   വൈദ്യന്‍ ഒരു കഷായം കുറിച്ച് തന്നു...വയ്യ..ആകപ്പാടെ ഒരു തളര്‍ച്ച..ഇതിനിടെ ഇളയ മകള്‍ മരിച്ചു പോയി..."

ഞാന്‍ ഞെട്ടി   മിടു മിടുക്കി..കൊച്ചേട്ടൻ കാണാതെ ഞങ്ങടെ പരിതോവസ്ഥയിൽ കൂട്ടാൻ കൂടുതൽ തന്നവൾ, അതിനോടും കൊച്ചേട്ടന്‍ തോറ്റോ  ദൈവമേ.  എന്നെ ഒന്ന് തോണ്ടി എന്നിട്ട് കൊച്ചേട്ടന്‍ പറഞ്ഞു..."മരിച്ചു എന്ന് പറഞ്ഞാല്‍ അവള്‍ ഒരുത്തന്റെ കൂടെ അങ്ങ് പോയി..നമുക്ക് പറ്റാത്ത ബന്ധമാ. ..ആപ്പോള്‍ പിന്നെ മരിച്ചതായി ഞാന്‍ അങ്ങു തീരുമാനിച്ചു..മനസാ മരണ പ്രാര്‍ത്ഥനയും നടത്തി...".       വീണ്ടും മലയാളം സാര്‍ “കര്‍ക്കശ്യമേ" എന്ന് പറഞ്ഞപോലെ തോന്നി...തോല്‍വി ഇല്ല തന്നെ...പട്ടാളം


സ്കൂട്ടറില്‍ കയറി എന്റെ കൂടെ വരും വഴി പറഞ്ഞു.."തരക്കേടില്ലാത്ത കച്ചോടമായിരുന്നു ...തുടര്‍ന്ന് കൊണ്ടു പോകാന്‍ ആരുമില്ല...എനിക്കാണേല്‍ വയ്യ..തങ്കമ്മ അതിലും വയ്യാതെ ഇരിക്കുന്നു..ഓരോന്നിനും ഓരോ സമയം ..അല്ലാതെന്താ..."

പഴയ ബെഞ്ചും ഡെസ്കും ഒന്നൂടെ കാണാന്‍ കയറ്റം കയറി ഞാന്‍ കടയുടെ പടിയ്ക്കല്‍ സ്കൂട്ടര്‍ നിര്‍ത്തി. കൊച്ചേട്ടന്‍ ഇറങ്ങി..." ഓ മുടിഞ്ഞു, എന്നും സന്ധ്യക്ക്‌ കരണ്ട് പോക്കാ...നിന്നാട്ടെ ഞാന്‍ മെഴുതിരി കത്തിയ്ക്കാം.."


കത്തിച്ച മെഴുതിരി കൊച്ചേട്ടന്‍   ഒരു മൂലയില്‍ കുത്തി നിര്‍ത്തി...അരണ്ട വെളിച്ചത്തില്‍ എന്റെ ഓര്‍മയും മങ്ങി മങ്ങി തെളിഞ്ഞു ...ഈ വരാന്തയിൽ ഇരുന്ന് എത്ര എത്ര മുദ്രാ വാക്യങ്ങള്‍ വെട്ടി തിരുത്തി എഴുതി ഉണ്ടാക്കി..എത്ര ലഖു ലേഖകള്‍ ..പലരും പലർക്കും വേണ്ടി എഴുതിയ എത്ര പ്രേമ ലേഖനങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് തിരുത്തി എഴുതി ആര്‍ക്കെല്ലാം പാർട്ടി ഭേദമന്യേ  അവരുടെ ആവശ്യത്തിനു കൊടുത്തു..എത്ര പേര്‍ക്ക് ഹംസമായി..നളചരിതം എത്ര  ദിവസങ്ങള്‍  ആടി..ഇത് വല്ലോം അറിഞ്ഞിട്ടാണോ പണ്ട് ലോലോലിക്ക സാര്‍ ആ കമന്റു പറഞ്ഞത്. 

കടയാകെ ഇരുണ്ടിരിക്കുന്നു...ആളുന്ന നിഴല്‍ കൊച്ചെട്ടന്റെതായിരുന്നു...മൺ ഭിത്തിയിൽ കണ്ട നിഴൽ രൂപം നോക്കി 

തിരിഞ്ഞു നോക്കുമ്പോള്‍ കൊച്ചേട്ടന്‍ ഇരുളിന്റെ തോണിയില്‍  തനിയെ    തുഴഞ്ഞു പോകുന്നു...അങ്ങു  താഴെ വീട്ടിലേയ്ക്ക്..തങ്കമ്മോ എന്ന വിളിയില്ലാതെ . കാലമേറെ കഴിയും മുൻപ് 

പള്ളി പറമ്പിലെ കുടുംബ കല്ലറയിലേക്ക് സ്ഥിരം വയ്ക്കുന്ന ചുവടുകൾക്കൊപ്പം ചുണ്ടിൽ വിരിയുന്ന നറും പുഞ്ചിരിയുമായി. 

ചിരപുരാതനതയുടെ  ഗാംഭീര്യവുമായി തലയുയർത്തി നിൽക്കുന്ന പള്ളിയുടെ അകവും,പുറവും  മുറ്റവും , സെമിത്തേരിയും , കൊച്ചു പള്ളിയുടെ കോലായിൽ നീണ്ടു നിവർന്നു വിശ്രമിച്ചിരുന്ന ഇന്നും പേടിപ്പിക്കുന്ന ശവമഞ്ചലും ഒക്കെ കുഞ്ഞും നാളിലെ സ്കൂൾ ജീവിതം മുതൽ കാണാപാഠമായിരുന്നത് , വെള്ളിയാഴ്ചകളിലെ നീണ്ട ഉച്ച ഇടവേളകളിൽ നിറയെ തണലു വിരിച്ചു പള്ളി മുറ്റത്തു നിന്ന ചുവന്ന പൂവാക മരം  അതിനു ചുവട്ടിലെ കൂട്ടായ്മകൾ .. അതിനോട് ചേർന്ന കല്ലറകളിൽ കാറ്റ് വീശുമ്പോൾ എതിർ പറമ്പിലെ ചെമ്പരുത്തി പൂവുകൾ തലയാട്ടുന്നത് കൊച്ചേട്ടന്റെ “ഹ “ വച്ചുള്ള തമാശ കേട്ടിട്ടായിരുന്നോ. ഉതിർന്നു വന്ന  ഓർമ്മകൾ കൊച്ചേട്ടനൊപ്പം എവിടെയൊക്കെയോ ആരൊക്കെയോ ഒരുപാട് വേണ്ടപ്പെട്ടവരിൽ ഉടക്കി നിന്നു. 


നിർബന്ധ ബുദ്ധിയെങ്കിലും നിഷ്കളങ്കനായിരുന്ന കൊച്ചേട്ടനെ ഇനി എന്ന് കാണും, ചൊല്ലിയാട്ടം പോലുള്ള സംസാരം എന്നു കേൾക്കും  എന്നുള്ള ചോദ്യം ബാക്കിയാക്കി ഞാൻ സ്കൂട്ടർ സ്റ്റാർട്ടാക്കി…കൂരിരുട്ടിൽ ഹെഡ് ലൈറ്റിനൊപ്പം തെളിഞ്ഞ ചുവന്ന ബ്രേക്ക് ലൈറ്റ് വെട്ടത്തിൽ 

പുറകിൽ നിന്നും ഒരുപാട് ഇഷ്ടമുള്ളവർ കയ്യുകൾ വീശി എന്നെ ഈ രാത്രിയിൽ യാത്രയാക്കുന്നുവോ അതോ പള്ളി മുറ്റത്തേയ്ക്ക് തിരികെ കയ്യാട്ടി വിളിക്കുന്നുവോ …സ്വപ്നമോ മിഥ്യയോ. 

2023, സെപ്റ്റംബർ 30, ശനിയാഴ്‌ച

പേമാരി പെയ്യാനെന്തേ

പേമാരി പെയ്യാനെന്തേ

പേയും പനിയും വരുവാനാന്നോ..


ഇത് താളി വല്യമ്മേടെ ഈണത്തിലുള്ള ശങ്കരാഭരണം പാട്ട്.. മഴ കനക്കുമ്പോൾ തറയിലെ തീ അടുപ്പിന്റെ അരികെയിരുന്നു ചൂട് കാഞ്ഞ് തിളയ്ക്കുന്ന കപ്പ  കലത്തിന്റെ മൂടി പൊക്കി മുളം കമ്പ് കൊണ്ട് കപ്പയുടെ വേവ് നോക്കി .. പല്ലില്ലാ മോണ കാട്ടി .. ഈറ കുഴലെടുത്ത് റ പോലെ വളഞ്ഞ് അടുപ്പിലെ തീ ഊതും വലിയമ്മ    അപ്പോൾ തോളോളം തൂങ്ങിയ കാതിലെ പിത്തള കടുക്കൻ തീ വെട്ടത്തിൽ സൂര്യനെ പോലെ ജ്വലിച്ച് നിൽക്കും.

ഈ മാരി കാറും പുകിലും തുമ്പിക്കൈ വണ്ണം മഴയും പത്തായത്തിൽ പറ ഉരുട്ടും പോലുള്ള ഇടി മുഴക്കവും

പിറകോട്ട് ഒത്തിരി ഓർമ്മ ചാലുകൾ കോറി വിട്ടു…

താളി വല്യമ്മയുടെ ഓല മേഞ്ഞ, ചാണകം കൊണ്ട് തറ മെഴുകി വെടിപ്പാക്കിയ ഒറ്റ മുറി കൊട്ടാര മുറ്റത്ത് എത്തിച്ചു ആ ഓർമ്മ ചാലുകൾ എന്നെ. സന്തത സഹചാരിയായി വാരിയെല്ലും വാലും ഒരുപോലെ വളഞ്ഞ വെള്ള പട്ടിയും കുളിപ്പിച്ച് ഒരുക്കിയ അതിന്റെ നെറ്റിയിലെ ചുവന്ന പൊട്ടും. 

കാശാവും പുല്ലാഞ്ഞിയും ഒരു മെയ്യായി കെട്ടി മറിഞ്ഞു നിക്കുന്ന കുന്നിൻ മുകളിലേക്കുള്ള ഊട് വഴിയേ വല്യമ്മേടെ കൊട്ടാര വീഥിയിലൂടെ തൊട്ടാവാടിയുടെ മൊട്ടിൽ കുരുങ്ങിയ വെള്ളതുള്ളി കണ്ണിലൊഴിച്ച് ആവണക്കിന്റെ തണ്ടൊടിച്ച് ഊതി മാറ്റുമ്പോൾ മഴവിൽ വർണ്ണത്തിൽ വിരിഞ്ഞു പറക്കുന്ന കുമിളകളെ കയ്യാൽ തട്ടി പൊട്ടിച്ച് ഞങ്ങൾ കൂട്ടുകാർ കല്ലും കുഴിയും താണ്ടി ഓടി കയറും .. എന്തിനെന്നോ?

ചൂടു കപ്പ ഓരോന്നായി തറയിൽ വച്ച തേക്കിലയിലേക്ക് കുടഞ്ഞിട്ടു തരും വല്യമ്മ. ഉണക്ക മുളക് ചുട്ട് ചിരട്ട കൊണ്ട് അടപ്പ് ചട്ടിയിൽ വച്ചുടച്ച് ഉപ്പ് കല്ല് പൊടിച്ചിട്ട് ചക്കിലാട്ടിയ വെളിച്ചെണ്ണ അടുക്കളയുടെ കഴുക്കോലിൽ തൂക്കിയിരിക്കുന്ന വാട്ടർ ബെറീസ് കൊമ്പൗണ്ട് കുപ്പിയിൽ നിന്നും ഇറ്റിച്ച് ചാലിച്ച് അതെടുത്ത് മുൻപോട്ട് നീക്കി വച്ചിട്ടു പറയും “ കഴിക്കീന് മക്കളെ” എന്നിട്ട് ശബ്ദമില്ലാത്ത ഒരു പൊട്ടിച്ചിരി   വാ പൊത്തി പിടിച്ച് 

അടുപ്പിൽ ചൂടാൻ ഇട്ടിരുന്ന കപ്പ ഈറ കുഴലാൽ തോണ്ടിഎടുത്ത് വല്യമ്മ ചിരിച്ചോണ്ട് പറയും ഇത് പിള്ളേർക്കില്ല വല്യമ്മയ്ക്കാ

എന്നിട്ടത് മെല്ലെ പൊടിച്ച് പല്ലില്ലാത്ത മോണയിലിട്ട് ചവച്ചോണ്ട് ഈണത്തിൽ പാടും “രാധ പെണ്ണേ വാടി കിണ്ണൻ ചെറുക്കൻ തേനട പൊട്ടിച്ചു തരുമേ …മൂളിപാട്ടൊന്ന് ഈറ കുഴലിൽ മൂളി തരുമേ.,”

മഴയുടെ ഡി ജെ പാട്ടിനിടയിൽ മുങ്ങി പൊങ്ങുന്ന വല്യമ്മേടെ പതിഞ്ഞ ഹിന്ദോള കീർത്തനം

ഞങ്ങൾ ആർത്തിയോടെ കപ്പയും മുളക് ചമ്മന്തീം എപ്പ തീർത്തു എന്ന് പറഞ്ഞാമതി

ഓല മെടയിൽ കാറ്റ് വന്നു തട്ടി കലപില പറയുമ്പോൾ ആകാശത്തെ കറുപ്പിലേക്ക് നോക്കിയിരുന്ന് വല്യമ്മ പറയും “ കറുത്തമ്മേം മക്കളുമിറങ്ങിയെ ഇനി തുള്ളിക്ക് ഒരു കുടം വച്ചാട്ടേ” 

കൂനികൂടി ആരോ കൊടുത്ത നേര്യതിനാൽ ആകെ മൂടി പുതച്ചിരിക്കുന്നു വല്യമ്മ

കാച്ചിയ എണ്ണയുടെ മണം. ചെമ്പരത്തി താളിയുടെ മണം. 

വല്യമ്മ ഉച്ച ഉറക്കത്തിലേക്ക് തൂണും ചാരിയിരിപ്പായി

ഞങ്ങൾ ഒന്നും ചെയ്യാനില്ലാതെ മഴ നോക്കി ഇരുന്നപ്പോൾ ഉറക്കം വന്നുവോ…

ഉണർന്നപ്പോൾ വല്യമ്മ ഇല്ല 

കാച്ചെണ്ണ തേച്ച് കുളിപ്പിച്ച് 

നേര്യത് പുതപ്പിച്ച് എന്നോ ആരൊക്കെയോ ആരുമില്ലാത്ത വല്യമ്മയെ കിണ്ണൻ ചെറുക്കന്റെ ഈറ കുഴലിൽ ചേർത്തു വച്ചിരുന്നു

കാശാവും തൊട്ടാവാടിയും പുല്ലാഞ്ഞിയും നെടുവീർപ്പിട്ടു മഴ നനഞ്ഞു നിൽക്കുന്നു ഒന്നും മിണ്ടാതെ..

ഞങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ടുവോ?

ഇല്ല കുളിപ്പിച്ചൊരുക്കിയ വല്യമ്മേടെ ഞാറുവാലി പട്ടി ദാ അടുപ്പിന് അരികിൽ ആരെയോ കാത്ത് കിടക്കുന്നു. നെറ്റിയിൽ പൊട്ടില്ലാതെ!!

2021, ഫെബ്രുവരി 27, ശനിയാഴ്‌ച

സാക്ഷാ വീണപ്പോൾ റവയ്ക്കെന്തു പറ്റി ?

സാക്ഷാ  വീണപ്പോൾ  റവയ്ക്കെന്തു പറ്റി ?

കടലും കടലാടിയും അല്ലെങ്കിൽ മോരും മുതിരയും തമ്മിൽ പോലും    ഈ അഞ്ചാം ജെൻ  ഇന്റർനെറ്റ് (  അന്തർ ജ്ഞാന അതിവേഗ വല  എന്നൊക്കെ  ഭാഷ്യം ചമയ്ക്കാം ) ആറാം  ഇന്ദ്രിയകാലത്ത് എന്തും  ചേരും പടി  മോർഫ് ചെയ്യാമെന്നിരിക്കേ ,   എത്ര  എത്ര വാനിഷിംഗ്‌  അല്ലെങ്കിൽ എസ്കേപ് മാജിക്കുകൾ നമ്മൾ ഗർദ്ദഭോത്തമന്മാർ ഇന്നും കണ്ടു കൊണ്ടിരിക്കെ    ഇതെന്തൊരു   പൊല്ലാപ്പ് !! 

"ഈ സാക്ഷായും അത്  വീഴുമ്പോഴത്തെ  റവയും ദൈവേ ഇതെന്നതാന്നെ "  എന്ന് ഒരു പിടിയും കിട്ടുന്നില്ല. "ഇനി വല്ല പുത്തൻ   സിനിമാ പേരുമായിരിക്കും, "     കുരുമുളക്    കടുകിനൊപ്പം കരിയാപ്പ് ഇലയുടെ തണലിൽ  ഒളിഞ്ഞും തെളിഞ്ഞും എണ്ണയിൽ പൊന്തി കിടക്കുന്ന  പിഞ്ഞാണ പാത്രത്തിലെ താറാവ്  ചാറിൽ സർഫ്  ചെയ്തു കൊണ്ട്   പുളിങ്കുന്ന് ഷാപ്പിന്റെ തകിട് മേഞ്ഞ മറപ്പുരയുടെ ഉള്ളിൽ ബെയറിങ്  ബെയറിങ്  എന്നു കരയുന്ന ഫാനിന്റെ അടിയിൽ കസേര മേൽ കാലു വച്ച് കുഞ്ഞുമോൻ സംശയാലുവായി “അണ്ണാ  എന്തുവാന്നു വച്ചാൽ പറ എനിക്കീ സസ്പെൻസും ഒന്നുമറിയത്തില്ലേ  ..."

അവന്റെ മുണ്ടിന്റെ കോന്തല കാറ്റിൽ കൊടി പോലെ വിട്ടു വിട്ടു പാറുമ്പോൾ സാമൂഹിക അകലത്തിനിടയിൽ പഴയ ഫ്രഞ്ചി നെടുവീർപ്പിടുന്നത്  കാണാമായിരുന്നു  

നെടു നീളൻ തേങ്ങാ കൊത്ത് ഒരെണ്ണം കറിയിൽ നിന്നു ചാറാടെ കോരി അണ്ണാക്കിന്റെ സി ഡി  റോമിൽ  നേരിട്ട്  ഫീഡ് ചെയ്ത് അവൻ പിന്നെയും അക്ഷമനായി ഒരു കുടം വരുത്താന്‍ മേശ മേല്‍ ക്യൂ " ഇട്ടു 

കമ്പ്യൂട്ടര്‍ മാത്ര  (ത്രുടി എന്ന് പണ്ട് മുനിമാർ പറഞ്ഞ സമയ നിമിഷാർത്ഥം !) പോലും എടുക്കാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ ചടുലതയിൽ വീണ്ടും എത്തുന്നു കളം  കളം കൈലിയും  അതിലും വല്യ  കളമുള്ള  ഉടുപ്പിന്റെ കൈമടക്കിൽ തിരുകിയ ചോക്ക് മുറിയുമായി  ഷാപ്പിലെ എല്ലാമെല്ലാമായ സെൻട്രൽ പ്രോസസ്സർ എന്ന് വിളിക്കാവുന്ന ചുരുണ്ട മുടി അലസമായി മാടിയ വെളുത്ത ചേട്ടൻ,  പേര് എല്ലാ ഷാപ്പിലേയും പോലെ ബ്രാൻഡഡ്   "സാജി". എന്ന് .  ചെറു പുഞ്ചിരിയിൽ കള്ളിലെ നുര പോലും അലിയും .   "എന്നാ വേണം " ചോദ്യം വരും വഴിയേ എറിഞ്ഞു ...

മറു ചോദ്യം എൻ്റെ  വഹ  " ചേട്ടാ ചോക്കു മുറി ചെവിയിൽ തിരുകി തലേൽ ഒരു കെട്ടും കെട്ടി  ദാ  വന്നു ദാ പോയി എന്നുള്ള രീതിയായിരുന്നല്ലോ മുൻപൊക്കെ ..ഇപ്പോൾ  ഉടുപ്പിൻറെ കൈമടക്കിൽ ചോക്കും തിരുകി .....ആ പഴയ ഗും ഒന്നും   ഇതിനില്ല ..." 

"അയ്യോ സാറേ  വെറുതെ ഒരോർമ്മയ്ക്ക് വച്ചിരിക്കുന്നതാ ഇത്   കണക്കും മറ്റും മനസ്സിലാ  എഴുത്ത്   പഴയ പോലെ എഴുതി കൂട്ടാൻ തടിയുടെ പലക മെട ഇല്ലാ  ..എല്ലാം ജി ഐ ഷീറ്റാ  അതിൽ എഴുതിയാൽ മൊതലാളി തെറി വിളിക്കും ...."

വെളുത്ത തടി പലക ഇടവിട്ട് തറച്ച,   ഓലയുടെ മേച്ചിലിനു മുകളിലൂടെ തീവണ്ടിയിലെ പോലെ പുക വരുന്ന , വയൽ വരമ്പിലെ  തെങ്ങിൻ തണലിൽ എഴുതിയ  ചിത്രം പോലെ  നിന്നിരുന്ന ഷാപ്പും  കാറ്റിലൂടെ  ഒഴുകി വന്നിരുന്ന കായാമ്പൂ കണ്ണിൽ വിടരും എന്ന്  ആരോ പാടുന്ന ഈണവും ... ഒരു നിമിഷം എന്നെ  വള്ളി  നിക്കറിട്ട് അച്ഛനൊപ്പം നടത്തി ...

"അപ്പം എന്നതാ വേണ്ടേ " സാജിയുടെ ചോദ്യം എന്നെ സ്ലീപ്പ് മോഡിൽ നിന്നും ഉണർത്തി 

"ഒരു കുടം  കൂടി എടുത്തോ " കുഞ്ഞു മോൻ ഉണങ്ങിയ വിരലുകൾക്ക് നനവ് പകരാൻ ചാറിൽ ഒന്ന് മുക്കി .. നടു  വിരൽ  കൊണ്ട് തയ്യാറായി 

വൈകിയാൽ എന്റെ പോക്കറ്റിൽ കരിപടരും എന്ന് ഞെട്ടലോടെ ഞാനറിഞ്ഞു  ഒരിറ്റു ചാറിൽ താറാവിന്റെ കഷണം മുക്കി പിഴിഞ്ഞു   വേവിച്ച കപ്പയുടെ മഞ്ഞ മുഖത്തു തേച്ചു ഞാനും നാക്കിനെ ഉശാറാക്കി . കൊണ്ട് വന്നു വച്ച  കുടത്തിലെ    ഒരിറക്ക് കള്ളിൽ   കള്ളിലെ ഒടി വിദ്യ അറിഞ്ഞു !  പാലക്കാടൻ കാറ്റിൻറെ ചൂര് . 

കുഞ്ഞു മോൻ കുടമടുപ്പിച്ചു  കള്ളിത്തിരി ഇറക്കി  താറാവിൻറെ ഒരു ചെറിയ കഷണം വടക്കൻ പുകയില പോലെ വലത്തേ അണയിൽ തിരുകി 

"അണ്ണാ  എന്നതാ ഈ റവേം സാഷായും "   കള്ളിന്റെ കടുപ്പമാകാം കുഞ്ഞുമോൻറെ  സാക്ഷയയുടെ ക്ഷ  വലിച്ചു ഷായാക്കി  ... ഇനി അത് ഴ ആകും മുൻപ് പോകണം .

" ഡാ  നീ ലോക്ക് ഡൗൺ  ഓർക്കുന്നുണ്ടോ " ഞാൻ കാര്യത്തിലേക്കു കടന്നു 

"എൻ്റെ  അണ്ണാ  എങ്ങനെ മറക്കും  ..അവൻ അറിയാതെ ഒരു പച്ച മുളകങ്ങു കടിച്ചുപോയി   എരി കേറിയപ്പം പിന്നേം കുടമെടുത്തു ..ഒള്ളത് ഊറ്റി ഗ്ലാസ്സിൽ പകർന്നു .. എനിക്ക് വേണോ എന്നുള്ള സാമൂഹിക അടുപ്പമൊന്നും  ഈ സമയത്തു  പാടില്ല  എന്നവനറിയാം ..

"ഡാ  സാക്ഷാ വീഴുക എന്നു പറഞ്ഞാൽ വാതിലിൻറെ  കുറ്റി ഇടുക അത്രേയുള്ളൂ  അതിനെയാ  ലോക്ക് ഡൗൺ എന്നൊക്കെ പറഞ്ഞു കടു കട്ടിയാക്കിയത്,   ലോക്കപ്പുപോലെ പറഞ്ഞിനി  ഇതും പഴകണം  " ഞാൻ വിശദീകരണം നൽകി 

"എൻ്റെ  അണ്ണാ  ആ സമയത്തല്ലിയോ നമ്മുടെ മുക്കിനത്തെ ഓട്ടോ പിള്ളാരും എല്ലാംകൂടെ സമയം കളയാൻ നായും പുലീം കളിച്ചതിന് ലവമ്മാര് വന്നു ചൂരലുകൊണ്ട് പൊറം മെഴുകിയത്  ഇരുന്നൂറു വച്ചു പെറ്റീം കൊടുത്തു. മുള്ളു മുരിക്കത്തെ കല്യാണി ഇച്ചേയിയോട് മാസ്ക് ചോദിച്ചതും എൻ്റെ മക്കളെ അതിൻ്റെ കെട്ടു പറിഞ്ഞു പോയി എന്നും പറഞ്ഞു റൗക്ക പൊക്കി കാണിച്ചതും ...ഇതൊക്കെ എങ്ങനെ മറക്കാൻ ..അണ്ണൻ പറ ..ഇപ്പം അമ്മേ കൊടുത്ത് പ്രാന്തിയെ വാങ്ങിയപോലായി" എന്തൊരു പുഹിലായിരുന്നു ..ശിവനേ ... കുഞ്ഞുമോൻ കവടി പിഞ്ഞാണത്തിൻ്റെ സൈഡ്  വടിച്ചു പുതിയ ഒരു വഴി തീർത്തു അവനു മാത്രം പ്രവേശിക്കാൻ !

"ഡാ  എനിക്കും എന്നെത്തെയും പോലെ അന്നും പറ്റി ഒരബദ്ധം ..ഞാൻ രാവിലെ നോക്കിയപ്പം കഴിക്കാനൊന്നുമില്ല  തലേന്നത്തെ ചോറും ഇല്ല വിശപ്പു കൊണ്ട് തല കറങ്ങി    ആകെ വാ തൊട്ട് താഴോട്ടുള്ള യൂ  ട്യൂബ് മുഴുവനും  വൈറലായി , ഈ സാക്ഷ വീണ കാലത്ത് കടയൊന്നും  തുറന്നിട്ടില്ല താനും ... അപ്പോൾ അറിയുന്നു സോമൻറെ കട തുറന്നെന്ന്, സ്‌കൂട്ടർ എടുത്തു മാസ്ക് വലിച്ചു കെട്ടി നൂറു കിലോ സ്പീഡിൽ അവിടെയെത്തി ... ബണ്ണും ബ്രെഡ്ഡും എല്ലാം തീർന്നു ..റവ മാത്രം ഉണ്ട് ..കട അടയ്ക്കാൻ ലോക്കുകൾ സോമൻ ഓരോന്നായി ഡൗണാക്കി തുടങ്ങി ..പോലീസ്  ഏതു നേരവും വരാം ..റവ എങ്കിൽ റവ കഞ്ഞി വച്ച് കുടിക്കാം ..വിശപ്പ് ഒന്നടങ്ങുമല്ലോ എന്ന് കരുതി ഒരു കവർ റവ വാങ്ങി സ്‌കൂട്ടർ എടുക്കാൻ വന്നതും അയൽവാസി കറങ്ങി തിരിഞ്ഞു മുൻപിൽ നിക്കുന്നു...വെശപ്പല്ല  പുള്ളിക്കാരൻറെ ഇഷ്യു  വേറെന്തോ ആണ് ... അയാളേം കേറ്റി സ്‌കൂട്ടർ വന്നതിലും വേഗത്തിൽ തിരിച്ചു    വിട്ടു പടിക്കൽ അയാളിറങ്ങി            നന്ദി ചൂടോടെ ചുട്ടു തന്നതും  ... ദാ മുൻപിൽ കുലുക്കി കൊണ്ട്  വന്നു നിക്കുന്നു വെള്ള സുമോയിൽ ഏമാന്മാർ .

"എവിടാരുന്നു ..യാത്രാ കുറിപ്പ് കയ്യിലുണ്ടോ .." (ടൂർ ഡയറി) മുൻപിൽ ഇരുന്ന വല്യേമ്മാൻ ചോദിച്ചതും പുറകിലുള്ളവർ മെയിൽ ഫി മെയിൽ കോറസിട്ടു . കാണാവുന്ന ദൂരത്തെ കട ചൂണ്ടി കാട്ടി പഞ്ച പുശ്ചം അടക്കി ഞാൻ പറഞ്ഞു "ഇത്തിരി റവ വാങ്ങാൻ പോയതാ ഇത്ര ദൂരമേ ഉള്ളു എന്നത് കൊണ്ട് പ്രോഗ്രാം ചാർട്ട് തയാറാക്കിയില്ല  ക്ഷമിക്കണം " 

ഏമ്മാൻ റവ പൊതിയിൽ സാകൂതം ഉഴിഞ്ഞു ഒപ്പം സ്വന്തം മാസ്കിനകത്തൂടെ താടിയിലും ..ചിന്തകനായി പിന്നെ പണ്ഡിതനായി ... ഒരു പൊതി റവയിൽ ഒരു ലോകത്തിൻറെ വിശപ്പ് കലപില കൂട്ടുന്നത് എനിക്ക്  കേൾക്കാമായിരുന്നു ...ആലോചനാ നിമഗ്നനായി ഇരുന്നു ഏമ്മാൻ,   അപ്പോൾ കാന്തന് കാന്തി കുറഞ്ഞത് കാണുമ്പൊൾ കാന്തമാർ ...എന്ന് പണ്ടാരോ പാടിയപോലെ മറ്റുള്ളവരും ധ്യാനത്തിലായി ...മുൻപോട്ട് ആഞ്ഞു വയറൊന്നു കുലുക്കി അദ്യം പറഞ്ഞു " റവ ഒന്നും അത്ര ആവശ്യമുള്ള സാധനമൊന്നുമല്ല ..റവ ഇല്ലാതേം ഒരു ദിവസമോ മാസമോ ഒക്കെ  കഴിയാം "  ....!!!

 അപ്പോൾ അരിയോ  അല്ലെങ്കിൽ ഗോതമ്പോ , അല്ലെങ്കിൽ ഈ ജീവിതം തന്നെയോ .. ഇതൊക്കെ എന്നും വേണോ ആ ...എൻ്റെ വെശപ്പെന്നോട് ചോദിച്ചുകൊണ്ട് പല്ലിളിച്ചു ..

"ഏതായാലും ഈ അവസ്ഥയിൽ വീട്ടു പടിക്കലായതു കൊണ്ട് നടപടി ഒന്നും തൽക്കാലമില്ല ..പക്ഷെ ഇനി റവ വാങ്ങാൻ ചുമ്മാ പൊറത്തിറങ്ങരുത്" രൂക്ഷമായി നോക്കി അദ്ദേഹം പറഞ്ഞു  മറ്റുള്ളവർ അതെ അർത്ഥത്തിൽ കണ്ണുകൊണ്ടും . വല വീശിയപ്പം അതിൽ കേറിയ പൂളോൻ  എന്ന ഒന്നും കൊള്ളാത്ത മീനിനെ പോലെ എന്നെ വലിച്ചെറിഞ്ഞപോലെ തുള്ളി തുള്ളി നിന്ന്  സുമോ അവസാനം  കുതിച്ചു പാഞ്ഞു .

വല്ലാത്ത ഒരു ഇതിൽ ഞാൻ കൈ നഖം കടിച്ചു നിന്നു പോയി  ..അല്ലാ തിന്നു പോയി  എന്നു വേണേൽ പറയാം  

എന്തായാലും റവ കഞ്ഞിയാക്കി ഒരു പാത്രം കുടിച്ചു കഴിഞ്ഞപ്പം ഉറക്കം ചെവിയിൽ താരാട്ടു പാടി ..മലർ കോടി പോലെ .....ഫോൺ കുറുകുന്നത് കേട്ടാണ് ഉണർന്നത് ,  വളരെ പഴയ പോലീസ് സുഹൃത്ത് ഇപ്പോൾ വല്യ ആപ്പീസർ വെറുതെ ലോക്ക് ഡൗൺ  ലോഹ്യങ്ങൾ പറയാൻ വിളിച്ചതാ ..തനിയെ താമസിക്കുന്നവനോടുള്ള അനുകമ്പ ആഹാര നിഹാരാദികൾ ഈ സാക്ഷാ വീഴും കാലത്ത് എങ്ങനെ എന്നറിയാനുള്ള സ്നേഹാതുരത ...

കാലത്തെ റവ വിശേഷം അദ്ദേഹത്തോട് സൊറയായി പറഞ്ഞു  അദ്ദേഹം ചിരിക്കാൻ വേണ്ടി ഫോൺ നിർത്തി ..കുറെ കഴിഞ്ഞു  വീണ്ടും വിളിച്ചു ചിരിയോടെ തന്നെ തുടങ്ങി .." ഡോ  ഞാനാ ഏമാനെ കുറിച്ചു തെരക്കി ..റവ എന്ന് കേട്ടാൽ കാള ചുവപ്പു കണ്ടപോലാ പുള്ളിയത്രെ ..പുള്ളിക്ക് റവ കഴിച്ചാൽ പിന്നെ ഒരാഴ്ച എരണ്ട കെട്ടാ   ..ക്യാമ്പിൽ ഉപ്പുമാവുള്ള ദിവസം പുള്ളി ഉപവാസമാ ..സ്റ്റേഷൻ ക്യാന്റീനിൽ പുള്ളി വന്ന സമയം ഉപ്പുമാവുണ്ടാക്കിയവനെ  വൊക്കാബുലറിയിൽ ഇല്ലാത്ത തെറി വിളിച്ചുവത്രെ ഏതോ സ്‌പെഷ്യൽ ഡ്യൂട്ടിക്കിടയിൽ റവ ഉപ്പുമാവ് കഴിച്ച് ആശുപത്രീലും ആയി  ...   അതും പോരാഞ്ഞു  കല്യാണം  കഴിച്ച സമയത്ത്  ഭാര്യയുമായി  ആദ്യം പിണങ്ങിയതും  റവ  ഉപ്പു  മാവിനെ ചൊല്ലി ആയിരുന്നത്രേ ..   അയാളാ റവ എടുത്ത് തനിക്കൊരെണ്ണം തന്നില്ലല്ലോ ....ചിരി അടക്കാൻ വയ്യാതെ ഞാനും സാറും ശ്വാസത്തിന് മുട്ടി...

എങ്കിലും എൻ്റെ വിശപ്പിലും എത്രയോ വലുതാണ് ആ നല്ല  മനുഷ്യൻറെ മനോവ്യഥ എന്നോർത്തപ്പോൾ എനിക്ക് റവയോട് അരിശം തോന്നി .    ഈശ്വരാ ഈ സാക്ഷാ വീഴും കാലത്ത് റവയുടെ ഒരു കാര്യമേ ..അല്ലെങ്കിൽ ഇത്ര ഭീകരമായ ഒരു മുഖം റവയ്ക്ക് ഉണ്ടെന്നുള്ള കാര്യം ആരറിയുന്നു ആര്യാസിലും  മറ്റും വച്ചു  കണ്ടാൽ എന്ത് പാവം ഉപ്പുമാവ് ..ഒരു കള്ളനെ കറക്കിയാൽ പോട്ടെ ..ഇതൊരു നിയമ പരിപാലകനോടാ എന്നോർക്കുമ്പം റവ അത്ര ചെറിയ മീനൊന്നുമല്ല എന്നറിയുന്നത് ......  വിശപ്പിനു നന്ദി ..തിരിച്ചറിവുകൾ തന്നതിന്.!! ഒപ്പം ആ സാറിന് ഒരു "റവ ദുരിതവും" വരാതിരിക്കട്ടെ ..പ്രാർത്ഥന .

ഇത്രേം പറഞ്ഞു ഞാൻ കുഞ്ഞുമോനെ നോക്കി  അവൻ്റെ മൂളൽ കുർക്കമായി മാറിയിരുന്നു   വിശപ്പടങ്ങിയാൽ ആരായാലും ഉറങ്ങിപ്പോകും അതും വായും തുറന്ന്    ഇത് ലോക തത്വം.!! കയ്യിലെ തേങ്ങാ കൊത്ത് വിളറി ഒരു മാതിരി ടൈഫോയിഡ് വന്നവരുടെ മുഖം പോലെ ആയിരിക്കുന്നു.

"ഡാ   പോണ്ടായോ " അവനെ ഉണർത്തി ..ഉണർന്ന പാടെ കൈയ്യിലിരുന്ന തേങ്ങാ കൊത്തിലും വരണ്ട പാടം  പോലെ കിടക്കുന്ന പിഞ്ഞാണിലും കള്ളിൻ കുടത്തിലുമെല്ലാം അവൻ ഒരു മാതിരി സന്നി വന്നപോലെ പതറി നോക്കി ...എഴുന്നേറ്റു 

ആഘോഷത്തോടെ സാജി ചേട്ടൻ വന്നു  കണക്കു പുസ്തകം നീട്ടി  "മൊത്തം നാനൂറ്റി മുപ്പത് സാറേ .." അഞ്ഞൂറു കൊടുത്തു ബാക്കി വച്ചോളാനും പറഞ്ഞു കൈകഴുകാൻ എഴുന്നേറ്റപ്പോൾ  സാജി ചേട്ടൻ പറയുന്നു "സാറേ നല്ല ചൂട് ഉപ്പുമാവും പോത്തു കറീം ഉണ്ട് ഒരു പാഴ്‌സൽ എടുക്കട്ടേ " എന്ന് ...

പല ചിത്രങ്ങൾ ഉള്ളിലെ മോണിട്ടറിൽ  മിന്നി മാഞ്ഞു ..മെമ്മറി റിഫ്രഷ് ആകുമ്പോൾ .. വീണ്ടും ചിരിയും കരച്ചിലും ഒന്നിച്ചു വന്നു...അതും പല നിറങ്ങളിൽ ...സാക്ഷാ വീഴും കാലത്തിൽ  റവയോട് ഒരു റവറൻസ് ഉണ്ടായി. 

"വേണ്ടാ ചേട്ടാ ഇനി വരുമ്പോൾ ആകാം " ഞാൻ തോളിൽ പിടിച്ചു സാജി ചേട്ടനിൽ നിന്നും ജാമ്യം എടുത്തു .  

മെല്ലെ ഷാപ്പിൽ നിന്നുമിറങ്ങി പുളിങ്കുന്ന് ആറിൻറെ വിശ്രാന്തിയിൽ നിഴനക്കമില്ലാതെ ഇളം കാറ്റിൽ ഉറങ്ങി  നിൽക്കുന്ന തെങ്ങോലകൾക്കപ്പുറം തലയുയർത്തി നിൽക്കുന്ന പള്ളി കുരിശിനെ നോക്കി ..ഓളങ്ങളിൽ അലിഞ്ഞു ചേരുകയും പിന്നെയും തിരിഞ്ഞു വരികയും ചെയ്യുന്ന ..പള്ളി മേലാപ്പിനു നന്ദി . ഒപ്പം ഒരു കഥയായി മാറിയ റവയ്ക്കും.













2015, മേയ് 10, ഞായറാഴ്‌ച

പകരുന്ന കാൻസറുകൾ

"പിന്നെ, പിന്നെ , കാൻസർ പകരുമായിരിക്കും ?  അല്ലേ പിന്നെ ഇവരെന്നാ നമ്മള് ഇത്രേം കഷ്ടപ്പെട്ട് ഒരുങ്ങി വന്നിട്ട് ഒന്ന് കാണാൻ സമ്മതിയ്ക്കാഞ്ഞെ ?" ഗേറ്റ് പോലും തുറന്നില്ല "

വീടിനു മുന്നിലെ റോഡിൽ നിന്നും ഒരു മുദ്രാവാക്യം പോലെ ഒത്തിരി പേർ ഒരുമിച്ച്  വായുവിലേയ്ക്ക് എയ്ത  ചോദ്യ ശരം  പുരാണ സിനിമയിലെപ്പോലെ കറങ്ങി തിരിഞ്ഞ് ജന്നൽ വഴി മുറിയിലെത്തി .
അർദ്ധ മയക്കത്തിലായിരുന്ന ഞങ്ങൾ ആ  ശരമേൽക്കാതെ ഒഴിഞ്ഞു കിടന്നു.!

"എല്ലാവരും കേറ് ..ഓട്ടോ കൂലി പോയത് പോട്ടെ,  ഈ സാരീം ബ്ലൗസും വെറുതെ എടുത്ത് ഉടുത്തല്ലോ .. മൂത്ത മോനും മരുമോളും സിനിമയ്ക്ക് ചെല്ലാൻ പറഞ്ഞതാ ..അതുമില്ല ...ഇതുമില്ലാ "
വില്ലൻ ചുമയുള്ളവന്റെ ചുമ പോലെ നെഞ്ചിടിപ്പിച്ച് " ആപ്പ " എന്ന മുക്കാലി വളവു തിരിഞ്ഞ് കല പില ശബ്ദത്തോടെ അകലുമ്പോൾ  ഞാൻ  കട്ടിലിൽ  എഴുന്നേറ്റിരുന്നു .

കുത്തി വെപ്പുകളുടെ, തെറാപ്പികളുടെ ഒക്കെ  വേദന ച്യുഇങ്ങ് ഗം പോലെ വീണ്ടു ചവച്ചു കിടന്ന ഭാര്യയുടെ ചുണ്ടിൻ മൂലയിൽ ഒരു ചെറു ചിരി പൊട്ടി..
" അവർക്ക്  ചുരിദാർ ഇട്ടോണ്ട് വരാൻ പാടില്ലായിരുന്നോ ..അതാകുമ്പം ഉടയത്തില്ലായിരുന്നു " അവൾ ഞരങ്ങി.
 "കാൻസർ പകരുകില്ലെങ്കിലും      കാഴ്ചക്കാർ ഒരു പകർച്ച വ്യാധി തന്നെ.."

"ആശുപത്രിയിൽ കിടന്ന കാര്യങ്ങൾ ഓർത്താൽ ചിരിച്ചു തന്നെ മരിക്കും..ഈ നശിച്ച വേദന കാരണം ഒന്നു ചിരിക്കാനും വയ്യാ "  മെല്ലെ എഴുന്നെറ്റിരുന്നു കൊണ്ട് അവൾ പറഞ്ഞു..

"റ്റ്യുമർ  റിമൂവ് ചെയ്ത് കഴിഞ്ഞു ഞാൻ പോസ്റ്റ്‌ ഓപ്പറേറ്റിവ് ഐ സി യുവിൽ സമയ കാല ദേശ ബോധമില്ലാതെ മയങ്ങി മയങ്ങി കെടക്കുംപോൾ പച്ച കർട്ടനിടയിൽ കൂടി മങ്ങി തെളിഞ്ഞ ഒരു രൂപം  ചിരിച്ചോണ്ട് നിക്കുന്നു, നിങ്ങളെ കാണാൻ  നോക്കിയ  എന്റെ  ബുദ്ധിയിൽ തെളിഞ്ഞു വന്നു   ആ രൂപം  .... നമ്മുടെ അയൽ വാസി സജി !
"എന്റെ ചേച്ചീ കാലൊന്നു മുറിഞ്ഞു, വെച്ചു കെട്ടാൻ വന്നതാ അപ്പോളുണ്ട് എന്റെ ഒരു കൂട്ടുകാരാൻ നിക്കുന്നു  ..ഈ ആശുപത്രിയിലെ ജോലിക്കാരനാ ..അവനെ സോപ്പിട്ട് ഞാനീ  ഐസി  മുറീൽ   കേറി ..ചേച്ചി അറിഞ്ഞോ നമ്മുടെ അപ്പുറത്തെ തങ്കച്ചായൻ  ഇപ്പോൾ  അങ്ങോട്ട്‌ മരിച്ചതെയുള്ളൂ ..മോർചറീൽ വയ്ക്കാൻ കൊണ്ടു വന്നപ്പോൾ ഞാൻ കണ്ടു , നല്ല ജീവനുള്ളതുപോലെ കെടക്കുന്നു.." 
"എന്റെ കണ്ണടഞ്ഞു പോയി  ...കാതും ..ജീവനുള്ളതു പോലെ ഞാനും കെടന്നു ...പച്ച തുണി അടച്ച് അവൻ പോയി.."      "ഇപ്പോൾ ചിരി വരുന്നെങ്കിലും ..അന്നു  ഞാൻ പേടിച്ചു പോയി  ..നിങ്ങളും   കുഞ്ഞും..അതോർത്താ
ഓപ്പറേഷൻ കഴിഞ്ഞ് ബോധം വന്നപ്പോൾ എനിക്കാദ്യം കിട്ടിയ ആശംസാ പാരിതോഷികം  അതായിരുന്നു.."

"പിന്നെ  കോമഡികളുടെ  ഒരു പരേഡ് തന്നെയായിരുന്നു.."
തലയിണ വച്ച്  അവൾ ഒരു കോമഡി ഷോയ്ക്ക് തയ്യാറെടുത്തു ....
" നിനക്ക് നല്ല വേദനയില്ലേ കുറച്ചു നേരം മിണ്ടാതെ കെടക്ക്‌ "  എന്നിലെ ഭർത്താവിന്റെ ഉത്തരവാദിത്വം നുരഞ്ഞു പൊങ്ങി!
ഒരു മാസത്തോളമായി ഞാനീ സ്ക്രിപ്റ്റെല്ലാം  അടുക്കി പെറുക്കുകയായിരുന്നു . ഒന്ന് ചിരിക്കാൻ . ഒത്തിരി കരഞ്ഞില്ലേ നമ്മൾ....

അവിടുന്ന് മാറ്റി  മുറിയിലേയ്ക്ക് വീൽ ചെയറിൽ കൊണ്ടു വരും വഴി മുൻപിൽ നിക്കുന്നു  ചിറ്റപ്പൻ  ചിരിച്ചോണ്ട് ..
കൂടെ മുറീൽ കേറി പുള്ളി ആദ്യമേ ഇരുന്നു, കുട മേശപ്പുറത്ത് വച്ചു . എന്നിട്ടൊരു ചോദ്യം " നീയിതെന്താ നേരത്തെ പറയാഞ്ഞേ ...രോഗ വിവരമൊന്നും നേരത്തെ അറിഞ്ഞില്ല അല്ലെ.."
"എന്റെ ചിറ്റപ്പാ  രോഗം എന്നെയും എഴുത്തിട്ട് അറിയിച്ചില്ല അതുകൊണ്ട് എനിക്കും ആരെയും അറിയിക്കാൻ പറ്റിയുമില്ല ..കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് ! ഞാനൊന്ന് ഉറങ്ങട്ടെ "
ചിറ്റപ്പൻ  ഇരുത്തി ഒന്നു മൂളി  , കുട കയ്യിൽ  എടുത്തു വാച്ചിൽ സമയം നോക്കി .."ഇപ്പ പോയാൽ ബസ്സുണ്ട് ..പൊയിട്ട് ലളിതാ മണിയേം കൂട്ടി പിന്നെ വരാം.."
കോടാലിയ്ക്ക് വാ കീറിയ കുഞ്ഞമ്മേടെ വരവോർത്ത് ..ഒരു ഞെട്ടലോടെ ഞാൻ മയക്കത്തിലേയ്ക്ക് വീണതും
കതകു കിരു കിരാ കരഞ്ഞു ..ഒന്നല്ല രണ്ടു തല ഒന്നിച്ച് .  അയൽക്കാർ . വന്നപ്പോഴേ എങ്ങലടിച്ചു കരച്ചിൽ തുടങ്ങി " എന്നാലും എന്റെ മോളെ നിനക്കിതു വച്ചിരുന്നല്ലോ ദൈവം .. എന്തോ പറയാനാ ഇങ്ങനാരുന്നു കെഴക്കേലെ കുഞ്ഞൂഞ്ഞമ്മ മൂന്നു മാസം കഷ്ടിച്ചു കെടന്നു കാണും..പാവം.."

എന്റെ ഞെട്ടൽ മാറി ശ്വാസം മുട്ടലായി .  ഞാൻ കണ്ണടച്ചു . അപ്പോൾ കൂട്ടത്തിൽ ഒരാൾ എന്നെ തൊട്ടു വിളിച്ചു എന്നിട്ട് പറഞ്ഞു "മോളു പേടിക്കണ്ടാ നിനക്ക് അങ്ങനെയൊന്നും വരില്ലാ! " എന്ന് .
ബോധാത്തിലെയ്ക്ക് ഒരു സൂചി കൂടി അടിച്ചു കയറ്റി അടുത്ത ആൾ .."മോളെ കല്ല്യാണം കഴിച്ച് വിട്ടിട്ടായിരുന്നെങ്കിലും വെണ്ടില്ലായിരുന്നു "  ...
അവർ പോകാനുള്ള മട്ടു കാണിക്കുന്നതേയില്ല ..എന്ന് ചിന്തിച്ചപ്പോൾ  ദൈവാനുഗ്രഹം പോലെ   വാതിൽ  തുറന്നു നീല കോട്ടിട്ട ഒരു നേഴ്സ് കയ്യിൽ ഒരു ട്രേയുമായി എത്തി ...
"അയ്യോ ചേച്ചീടെ മുറിവൊന്നും ഉണങ്ങീട്ടില്ല വിസിറ്റേഴ്സ് പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് "
എന്ന്  പറഞ്ഞതും അവർ മുഖം കറുപ്പിച്ച് എന്നോടു പറഞ്ഞു.."പോട്ടെ മോളെ കടേൽ ബ്ലൌസ് തയ്ക്കാൻ കൊടുക്കാൻ വന്നതാ ..അവിടെ ചെന്നപ്പം കട വൈകിട്ടേ തുറക്കൂ എന്നാപിന്നെ നിന്നെ കാണാം എന്ന് വിചാരിച്ചു ..ഇനി മുറിവ് കരിഞ്ഞിട്ട് വരാം.."  എത്ര നിഷ്ക്കളങ്കർ ഉള്ള കാര്യം പറഞ്ഞതിന്റെ സന്തോഷത്തോടെ ഞാൻ അവരെ യാത്രയാക്കി.

"ചേച്ചീ ഒരു ഇൻജെക്ഷൻ എടുക്കട്ടെ ..കാനുല നോക്കട്ടെ " എന്ന് പറഞ്ഞു നേഴ്സ്  കയ്യിൽ മെല്ലെ പിടിച്ചു
ഒരു രസത്തിനു ഞാൻ ചോദിച്ചു " എന്തിനുള്ള ഇന്ജെക്ഷനാ കുഞ്ഞേ.."
"ഷുഗറിനുള്ളതാ "   എന്റെ ശരീരമാസകലം വെറകൊണ്ടു ...എനിക്കില്ലാത്ത ഒരസുഖം അതായിരുന്നു അതിപ്പോൾ എങ്ങനെ വന്നു..അതും കുത്തി വെപ്പെടുക്കാനും മാത്രം..
"എനിക്കിതു വരെ ഷുഗർ ഇല്ലായിരുന്നു..മരുന്നും ഇല്ലായിരുന്നു . ഇതിപ്പം..." ഞാൻ അർദ്ധോക്തിയിൽ നിർത്തി .
എന്റെ കണ്ണ് നിറഞ്ഞൊഴുകി .. "ഇനി ഇതിനും മരുന്ന് വേണമല്ലോ..എന്തിനീ ചതി ദൈവമേ.."

"അല്ലാ, ഡോക്ടർ എഴുതിയിട്ടില്ല എങ്കിലും പറഞ്ഞതു പോലെ ഞങ്ങൾക്ക് ഒരു തോന്നൽ..വേണ്ടെങ്കിൽ വേണ്ടാ "
എത്ര നിസ്സാരം ..എന്ന് നിസ്സഹായതയോടെ ഞാൻ ആ കുഞ്ഞിനെ നോക്കി മനസ്സിൽ പറഞ്ഞു. 
ചില ചോദ്യങ്ങൾ  സമയത്ത്  ചോദിയ്ക്കാതെ എത്രയോ പാവങ്ങൾ ആർക്കോ തോന്നിയ ഏതോ മരുന്നും കഴിച്ച് പോയിരിക്കാം.      മുൻപ് ചതിച്ച ദൈവം തന്നെ രക്ഷകനായി.   നന്ദി.
"സാരമില്ല ചേച്ചീ ..എന്നാ പോട്ടെ  എന്തെങ്കിലും ഉണ്ടെങ്കിൽ ബെൽ  അടിയ്ക്കണം  " നേഴ്സ് ഒന്നുമറിയാതെ കാറ്റുപൊലെ പോയി.

സമയം അറിയില്ല   കുളിക്കാനും നനയ്ക്കാനും വീട്ടിൽ പോയ നിങ്ങൾ അച്ഛനും മകളും വരുന്നുമില്ല.... 
ഞാനോന്നുറങ്ങി .
ഉണർന്നപ്പോൾ മുറി നിറയെ പഴങ്ങളുടെ മണം .  ചെങ്ങന്നൂന്നു  അപ്പച്ചീം പിള്ളാരും.
"നീ ഉറങ്ങുവല്ലിയോ വിളിക്കണ്ടാ എന്ന് കരുതി. ഇത് കൊറച്ച് ഫ്രൂട്സാ ..മാതള നാരങ്ങായും  ഓറഞ്ചും  പേരയ്ക്കയും ..ഇതൊക്കെയാത്രേ ഇപ്പോൾ റ്റ്യൂമർ നീക്കം ചെയ്തവർക്ക് കൊടുക്കുന്നത് എന്ന് പഴ കടക്കാരാൻ തമിഴൻ പറഞ്ഞു.."  ഞാനവനോട് ഞങ്ങടെ ഒരു കൊച്ചിന് കാൻസർ പോലെ എന്തോ ഒന്നാ എന്നേ പറഞ്ഞുള്ളൂ ..
ഈശ്വരാ  ഡയറ്റീഷൻ കോഴ്സ് പാസ്സായ തമിഴനാകാം അത് എന്ന് എനിക്ക് തോന്നി.  അല്ലെങ്കിൽ ഏതോ ആരോഗ്യ മാസിക വായിച്ചവൻ . ഞാൻ ചിരിക്കുന്നതു കണ്ട് അപ്പച്ചി ചോദിച്ചു " മാതള നാരങ്ങാ തരട്ടെ "
വേണ്ടാ എന്ന് ഞാൻ തലയാട്ടി. ഷുഗർ എന്നെ നോക്കി നില്ക്കുന്നത് പോലെ ഒരു തോന്നൽ .  
അവരുടെ മടക്ക യാത്രയ്ക്കിടയിലാണ് നിങ്ങൾ വന്നത്. അപ്പോഴാണ്‌ നേരം സന്ധ്യ ആയി എന്ന് ഞാൻ അറിഞ്ഞത്.
പിറ്റേന്ന് രാവിലെ നിങ്ങൾ വീട്ടിൽ പോയി . അപ്പോളാണ് നിങ്ങടെ ബന്ധുക്കാരനും കുടുംബവും എത്തിയത്
തലേന്നത്തെ ജന സഞ്ചാരം കാരണം മകൾ മുറി അടച്ച് കൊളുത്തിട്ട് എന്റെ കയ്യും തിരുമ്മി ഇരിക്കുമ്പോൾ ഇടി വെട്ടുപോലെ അവർ കതകിനു മൂന്നു നാല് തട്ടോ അതോ തൊഴിയോ..
കതകു തുറന്നു കുഞ്ഞു പറഞ്ഞു "അയ്യോ വിസിറ്റേഴ്സ് വേണ്ടാ എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട് " എന്ന്
വന്ന പോലെ അവർ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് പോയി.

അപ്പോളാണ്,  എപ്പോഴും  ചിരിച്ചിരുന്ന ആ ബന്ധുക്കാരാൻ ഇപ്പോൾ കാണുമ്പോൾ മുഖം കടന്നൽ കുത്തേറ്റ മാതിരി കാണിച്ച് ഒഴിഞ്ഞു പോകുന്നതിന്റെ ഗുട്ടൻസ് എനിക്ക് പിടി കിട്ടിയത്!  ഒരു തല പുകച്ചിലിനു ഉത്തരം കിട്ടിയതിൽ എനിക്ക് സന്തോഷം തോന്നി. ആ വാശിയ്ക്ക് അവർ കൊണ്ടു വന്ന മാതള നാരങ്ങകൾ അടുത്ത നിലയിൽ കിടന്നിരുന്ന ഞങ്ങടെ അയൽ  വാസിയ്ക്ക് നല്കിയെന്ന് അറിഞ്ഞപ്പോൾ സന്തോഷം അതുക്കും മേലെ പോയി!! 
 മാതള നാരങ്ങകളുടെ നഷ്ടം തീർക്കാൻ ഞാൻ നീർമാതളം പൂത്ത കാലം വായിക്കാൻ എടുത്തു .

എന്നെ വായനയിൽ നിന്നും തിരികെ വിളിച്ച് അവൾ തുടർന്നു "നാളെ എനിക്കീ മൂഡ് കാണില്ല ..ഇന്ന് ഇത് കേട്ടിട്ടു മതി വായന."
"അന്ന് ഉച്ചയ്ക്ക് ഊണ് കഴിയ്ക്കാൻ മകൾ പോയപ്പോൾ നമ്മുടെ ഭാരതി ഇച്ചേയീടെ മകൾ വന്നു. കയ്യിൽ കുറെ പ്ലാസ്റ്റിക് സഞ്ചികൾ . വന്നപാടെ അതെല്ലാം മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു.
 "മോൾ ഇപ്പോൾ ഗൾഫിൽ ഉയർന്ന ശംബളത്തിലാ  അവൾ ഒരു കാറു വാങ്ങി വീട്ടിൽ ഇട്ടു. പക്ഷെ ഞാൻ പറഞ്ഞു എനിക്ക് കാറിലും ഇഷ്ടം സ്കൂട്ടർ ആണെന്ന് ഉടനെ അവൾ ഒരു സ്കൂട്ടർ വാങ്ങിച്ചു തന്നു  ഞാൻ അതിലാ വന്നത്. ..അവൾ വലിയ വീട് വക്കുവാ അതിന്റെ പണി നോക്കാൻ പോകാനൊക്കെ സ്കൂട്ടറാ നല്ലത്.  അത് കൊണ്ട് പഴയ സ്റ്റേഷനറി കടയും അങ്ങ് നിർത്തി.." 
ഞാൻ ചിരിച്ചു പ്രോത്സാഹിപ്പിച്ചു . ചുളു ചുളാ കുത്തുന്ന വേദനയ്ക്കിടയിൽ കാറും സ്കൂട്ടറും ഓടുന്ന ശബ്ദം ഞാൻ കേട്ടു .
"എന്നാ ഞാൻ പോവാ ..പണിക്കാർക്ക് വെള്ളം കൊടുക്കണം."  അവർ ചിരിച്ചോണ്ട് സ്കൂട്ടറിന്റെ കീ കറക്കി സ്ഥലം വിട്ടു.

"അന്ന് വൈകുന്നേരം ആങ്ങളേം മകനും വന്നല്ലോ .. വന്നപ്പോഴേ കൊച്ചു പയ്യൻ പറഞ്ഞു "അപ്പചീ  വെശക്കുന്നു" ..അവന്റെ പഴയ ഓർമ്മ ...
"ടാ മേശപ്പുറത്ത് എന്തൊക്കെയോ ഇരിപ്പുണ്ട് അവന് എടുത്ത് കൊടുക്ക് " ഞാൻ ആങ്ങളയോട് പറഞ്ഞതും പയ്യൻ  കവറിൽ നിന്നും ഒരു കേയ്ക്ക് വലിച്ചെടുത്തു .      ഭാരതി ഇച്ചേ യീടെ മോൾ രോഗ വിവരം അന്വേഷിചില്ലെങ്കിലും  ഒരു കുഞ്ഞിന്റെ വിശപ്പടക്കാനുള്ള വക കൊണ്ടുവന്നല്ലോ എന്ന് ഞാൻ നന്ദിയോടെ സ്മരിച്ചു.
"അയ്യോ എന്റെ ചേച്ചീ ഈ കേയ്ക്ക്  2012 ൽ ഉണ്ടാക്കിയതാ ...ഇത് കൊടുത്താൽ ഇവന്റെ ആശുപത്രി ബില്ലും അളിയൻ കൊടുക്കണ്ടതായി വരും.. ഇത് 2014 തന്നെയല്ലേ "
 അവൻ കലണ്ടറിൽ നോക്കി ഒന്നൂടെ ഉറപ്പിച്ചു എന്നിട്ട്  തലയറഞ്ഞു ചിരിച്ചു.  ചെറുക്കൻ ചിണുക്കവും .

അപ്പോൾ എനിക്ക് കത്തി, അവരുടെ സ്റ്റേഷനറി കട നിർത്തിയിട്ട് രണ്ടു വർഷം ആയല്ലോ എന്ന്..
ചിരിയും കരച്ചിലും വന്നു.  പയ്യനെയും കൊണ്ട് അവൻ കാന്റീനിലെയ്ക്ക് പോയപ്പോൾ ഞാൻ പൊട്ടി ചിരിച്ചു പോയി..പക്ഷെ വയറിലെ സ്റ്റിച്ചുകൾ കുത്തി വലിച്ചു കളഞ്ഞു.

ഡിസ്ചാർജ് ദിവസം ഭയങ്കര മഴ ആയിരുന്നല്ലോ  ..നിങ്ങൾ ബില്ല് തീർക്കാൻ പോയി..മോൾ മരുന്നു വാങ്ങാനും അപ്പോൾ മാത്രം ഒരു മുഖം ഞാൻ വാതിലിൽ കണ്ടു നമ്മുടെ ഏറ്റവും അടുത്ത ബന്ധു.  "പുള്ളി ഈ വിവരം ഒന്നും അറിഞ്ഞില്ല എന്നും ..മിനിയാന്ന് ആരെയോ വിളിച്ച് എന്നാ എന്നെ ഡിസ്ചാർജ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മാത്രമാണ് അറിഞ്ഞത് എന്നും.."
വൈരുദ്ധ്യാത്മക  വാദം ഇതല്ലേ എന്ന് എനിക്ക് തോന്നി.  എഴുതിയ ആൾ ക്രാന്ത ദർശി തന്നെ !!

ഇനി ഒരു തമാശ കൂടി പറഞ്ഞു ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കാം  അവൾ പറഞ്ഞു.
'നമ്മുടെ  മീനാക്ഷി ഇച്ചേയീടെ മോൾക്ക് വയറ്റിൽ മുഴയായിരുന്നല്ലോ ..അവർ ആർ സി സിയിൽ പോയി കീമൊ തെറാപ്പി കഴിഞ്ഞ് തളർന്നു വന്ന് സന്ദർശകരുടെ  തെരക്ക് ഒഴിവാക്കാൻ ബന്ധു വീട്ടിൽ പോയി ആരും അറിയാതെ മുറി അടച്ച് കട്ടിലിൽ കെടക്കുകയായിരുന്നു ..അവരെ ഒരു നോക്കു കാണാൻ അഭ്യുദയ കാംഷികൾ നെട്ടോട്ടവും ...പാവം അവർ സന്ധ്യക്ക് ആരും കാണാതെ പുറത്തെ ബാത്ത് റൂമിൽ പോകാൻ ലൈറ്റ് പോലും ഇടാതെ ഇറങ്ങിയപ്പോൾ മുറ്റത്ത് നിക്കുന്നു ഒരു ഓട്ടോ നിറയെ ആൾക്കാർ ..അവരെ കാണാൻ.  ഉച്ചയ്ക്കേ വന്നതാ പോലും  ....ഇത്രേം ദൂരം ഓട്ടോ കൂലി കൊടുത്തു വന്നതല്ലേ രണ്ടിലൊന്ന് അറിഞ്ഞിട്ട് പോകാം എന്ന് കരുതീന്ന്.  "
പാവം അവർ പൊട്ടി കരഞ്ഞു പോയി എന്നു പറേന്നു "

"മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്ത കാൻസറുകൾ ..ഇതിനു ചികിത്സ ഇല്ല  ...വല്ലോന്റേം മരണം കണ്ടു ഫോട്ടോ എടുക്കുമ്പോൾ  എന്നെങ്കിലും സെൽഫി എടുക്കാൻ ഇട വരില്ല എന്ന് ഇവരൊക്കെ സ്വയം തീർപ്പ് കൽപ്പിയ്ക്കുന്നല്ലോ ..ഈശ്വരാ ...
ഭാര്യയുടെ ധാർമിക രോഷം എന്നെ മിണ്ടാൻ സമ്മതിച്ചില്ല.







2015, ജനുവരി 27, ചൊവ്വാഴ്ച

എവോഡ്‌ നൈറ്റും കുറെ തുടകളും - ഒരോര്‍മ്മ പുതുക്കല്‍ !

ഓ ഈ കഴിഞ്ഞ രാത്രികളില്‍ ഒന്നുമേ ഉറങ്ങാന്‍   കഴിഞ്ഞില്ല .

ഉറക്കം തഴുകി ഒഴുകി വരുംബോളെയ്ക്കും  പള പള തിളങ്ങുന്ന  നിക്കറിന്റെ പകുതിയില്‍ നിന്നും ചാടി കളിയ്ക്കുന്ന ഫ്രില്‍ " എന്ന് വിളിയ്ക്കുന്ന ഞൊറികളുടെ കൈയ്യാട്ടി വിളി..സഹിയ്ക്ക വയ്യ എഴുന്നേറ്റ് കട്ടിലില്‍ ഇരുന്നു..വല്ലാത്ത പരവേശം  അടുത്തിരുന്ന കൂജയില്‍ നിന്നും കുറെ വെള്ളം മട  മടാന്നു കുടിച്ചു..എന്നിട്ടും പിന്നേം ദാഹം..

അര്‍ജുന പത്തു ജപിച്ചു കൊണ്ട് വീണ്ടും കെടന്നു.. പനി, ജ്വരം ഒക്കെ വന്നു കെടന്നാലും ഉറക്കം പെണങ്ങി നിന്നിട്ടെയില്ല...

ഇതിപ്പം ജ്വരത്തിലും കൂടിയ എന്തോ..അറിയാതെ കണ്ണ് പിന്നേം അടഞ്ഞു..
ദാ വരുന്നു ..പണ്ടൊക്കെ കുരുമുളക് , കോലിഞ്ചി ഒക്കെ തൂക്കിയിരുന്ന "ചേളാവ് " എന്ന് ഞങ്ങടെ നാട്ടില്‍ പറയുന്ന തുണി കഷണം ഒരു വശം കീറി കെടക്കുന്ന മാതിരി   ചിറികള്‍ (ലിപ്സ്!)       ഉള്ള ഒരു നീര്‍കോലി സുന്ദരി ..കാലുകള്‍ പൂച്ച നടത്തോമല്ല ഏറു കൊണ്ട പട്ടീടെ ഒട്ടോമല്ല..കക്ഷം ഒന്ന് രണ്ടു വള്ളികള്‍ കോര്‍ത്ത്‌ ചേര്‍ത്ത് കെട്ടിയിരിക്കുന്നു..വന്നപാടെ കീറിയ ചേ ളാവ് ഒന്നൂടെ കീറി  ഒറ്റ കീച്ചാ ..
"ഗിടീവ്നിംഗ് എവ്ഴ്ബാടി "  ഒന്നും പിടി കിട്ടിയില്ല ഏത് ഭാഷ  അപ്പനെ ..വന്നത് മദാമ്മേമല്ല  മന്ഗൂസുമല്ല   എന്‍റെ ദൈവേ ഈ രാത്രി കാള രാത്രി തന്നെ..
 "വേള്‍കം ഓള്‍ ഒഫ് ..ടു .....തീജ്വാല എവോഡ് നെയ്റ്റ്  ട്യൂ തെവ്സ്ന്റ്റ് ളെവാന്‍ "
ഈശ്വരാ കുറെ പിടി കിട്ടി ഈ ളെവാന്‍ " എന്താ,
അങ്ങനെ ഒരാളെ കേള്‍ക്കുന്നത് ആദ്യം.
" നമുടെ  മുഗ്യ അടിടി ..ഔഴ്ഹ  ചീഫ് ഗേഷ് ..ഈണ്ട്യന്‍ ഷേന്മാ വെട്യിലെ നേത്യ വെഷ്മയം ..ഷീ ..അമ്ടവ്ബാഷന്‍..ഗീവ് ഹിം എ ബീഗ് ക്ലാ.."

അവസാന ഭാഗം  പിടി കിട്ടി ..പണ്ടൊക്കെ സൈക്കിള്‍ യന്ജ പരിപാടികള്‍ക്കിടയില്‍ അയിറ്റം മാറുമ്പോള്‍ " കൈ അടിച്ചു പ്രോത്സാഹിപ്പിയ്ക്കൂ സഹോദരങ്ങളെ എന്ന് പറയുമ്പോലെ.."
ആദ്യം പറഞ്ഞത് എന്താണാവോ..എത്തും പിടീം കിട്ടുന്നില്ല..

കൂര്‍കം ഇനി വലിയ്ക്കാനില്ല ,അത് പോലെ അടുത്ത് കെടന്നുറങ്ങുന്ന         ഭാര്യയെ തോണ്ടി വിളിച്ചാല്‍ ഇതിലും മനസിലാകാത്ത ഭാഷ കേള്‍ക്കണ്ടാതായി വരും..കണ്ണ് ഇറുക്കി അടച്ചു കെടന്നു ..എന്തെങ്കിലും ആകട്ടെ ഉറങ്ങാന്‍ നോക്കാം..ഒന്ന് മയങ്ങിയോ..ആ..  ദേ പിന്നേം ..
"  നീങ്ങ്ലെ ന്രീത ച്വാട് കെണ്ട് ആരാടിക്കാന്‍ നമ്ല്ടെ മലായാല്‍ സിന്മാ ...."
ഓഹോ..സമ്മതിക്കുകെല്ല...ഉണര്‍ന്നും ഉറങ്ങീം ഈ രാത്രി ..സമയം നോക്കിയാല്‍ ഇനി പിന്നേം ടെന്‍ഷന്‍ ..

ഹെന്റമ്മേ ...വരുന്ന വരവ് കണ്ടോ..അഞ്ചെട്ടെണ്ണം  അടി കൊണ്ട പൂച്ച  പോലെ  മേല് കീഴ്‌ ചാടി .. കാലുകള്‍ ക്യാമറ കണ്ണ് കളിലെയ്ക്ക്‌  വീശി വീശി  പാവംക്യാമറ നാണിച്ചുവോ..ചിത്രം മാറി..അരയില്‍ ആരോ നിര്‍ബന്ധിച്ചു ഇട്ടു കൊടുത്ത ഒരു അര മുറി നിക്കര്‍ അതിനു ചുറ്റും തൊങ്ങല്‍ പിടിപ്പിച്ച അങ്ങോട്ടും ഇങ്ങോട്ടും കാണാവുന്ന ഒരു തുണി കഷണം...ഹൈ..ചടുല പാദങ്ങള്‍ അല്ല ..ദ്രുത ചടുലം ഇടുപ്പും നിതംബവും ..ആട്ടു കല്ലില്‍ തിരിയുന്ന കുഴവി പോലെ..ഉറക്കം വരാഞ്ഞത് നന്നായി..പിന്നെ മഞ്ഞ നിറം പൂശിയ ഫിമുര്‍  മസ്സിലുകളും ...അതാണല്ലോ ഇതിന്‍റെ ഒരിത്!

നൃത്തം കണ്ടു രസിച്ച് അറിയാതെ കൈ ഭാര്യേടെ മേല്‍ തട്ടി..നല്ല സ്ഫുടതയോടെ അവള്‍ പറയുന്നു,        "വയസ്സായവര്‍ക്ക് കാണാന്‍ പറ്റുന്നത് വല്ലോം കാണണമായിരുന്നു  ടി വിയില്‍ ന്യുസ് പോലും കാണാത്ത   മനുഷ്യന്റെ ഒരസുഖമേ..  നിങ്ങള്‍ അപ്പുറത്ത് എങ്ങാനും പോയി സ്വപ്നം ആവശ്യത്തിനു കാണ്...  രണ്ടു ദിവസത്തെ പരിപാടി അല്ലായിരുന്നോ.. കൊറേ കാണാം .. എനിക്കുറങ്ങണം..  "

എന്‍റെ സംശയം ഏറി.." നീ എന്‍റെ സ്വപ്നം കോപ്പി അടിച്ചോ.." ഞാനവളെ തോണ്ടി..
" എനിക്കും ഉറക്കം വന്നില്ല ..ഞാനും കണ്ടത്  വാക്ക വാക്ക എന്നും പറഞ്ഞുള്ള തുള്ളലാ ..പിന്നെ മറു ഭാഷയില്‍ഒരു പെണ്ണ് വാ കീറുന്നതും  ..അമിതാബ് ബച്ചനെ പോലെ വല്യ മനുഷ്യര്‍ക്ക് മുന്‍പില്‍ മലയാളീടെ മാനം കെടുത്തുന്ന ഭാഷ പ്രയോഗവും.. കോക്രി കുത്തലും "

"ശരിയാ ഭാര്യെ ..ശുദ്ധ  മലയാളത്തില്‍, പാട്ടിലൂടെ  നമ്മുടെ മനസിനു പറക്കാന്‍  ചിറകുകള്‍ തരുന്ന മലയാളത്തിന്‍റെ വാനമ്പാടിയും സദസ്സില്‍ ഇരിക്കുമ്പോള്‍ എന്തിനു ഈ ഭാഷാ വ്യഭിചാരം എന്ന് ഞാനും നാണിച്ചു പോയി.."

"ഓ, നിങ്ങള്‍ക്ക് അതൊന്നുമല്ല   ഈ വയസ്സാം കാലത്ത് തുണി  ഇല്ലാ ചാട്ടം ശരിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ ഉള്ള സങ്കടമാ ..
ഓരോ സംസ്കാരം ഓരോരുത്തര്‍ക്കും ഉണ്ട് ..അവര്‍ക്ക് വേണ്ടത് അവരുടെ സംസ്കാരം അനുവദിക്കുന്നുമുണ്ട്.. വേഷോം..അനുകരണോം ..എന്തും സഹിയ്ക്കാം പക്ഷെ ഭാഷയും സംസ്കൃതിയും.. അതിന്മേല്‍ ആരും തൊട്ടു കളിയ്ക്കാറില്ല എന്ന് തോന്നുന്നു..
പാവം മലയാളിയ്ക്ക്  മാത്രം അപ്പ കാണുന്നവന്‍ അപ്പന്‍..അവനു ഭാഷേം ഇല്ല  നൃത്തോം  ഇല്ല   പാട്ടും ഇല്ല അവസാനം വടക്കൂന്നു വന്നതുമില്ല ഒറ്റാലില്‍ കെടന്നതുമില്ല.."

" അതെന്നാ നീ പറയുന്നേ ..ഇപ്പോഴും ഒന്നരേം മുണ്ടും ഉടുത്ത്  രാമായണോം വായിച്ചു നടക്കണോ.."

  "വേണ്ട.." ഭാര്യ എഴുന്നേറ്റ് ഇരിയ്ക്കുന്നു  ദൈവമേ.
" ഓണത്തിന് പ്ലാസ്ടിക് ഇലയില്‍ ഓണം ഫീസ്റ്റ് കഴിയ്ക്കാം ..ബോബ് ചെയ്ത മുടി അഴിച്ച് ഇട്ട് ചുണ്ടില്‍ ലിപ്സ്ടികും തേച്ചു  സി ഡി പാട്ട് വച്ച്  ..തിര്‍വതിര..ഡാന്‍സ് കളിയ്ക്കാം.. വാങ്ങിയ പൂ കൊണ്ട് അത്ത പൂവിടാം ..."

"കാലം മാറുമ്പോള്‍ നമ്മളും മാറണ്ടേ ..മാറ്റം ഇല്ലാത്തതു മാറ്റം മാത്രം എന്ന് മാര്‍ക്സ് പറഞ്ഞിട്ടുണ്ട്.."  ഞാനും ഒന്നുണര്‍ന്നു .

"അത് ശരിയാ മൂലധനോം മാറ്റി ഇപ്പം സ്വിസ്സ് ബാങ്കില്‍ അല്ലിയോ ഇടുന്നത്...അല്ലെങ്കില്‍ റിയല്‍ എസ്റെറ്റ്‌ ...  നമ്മള് കൊയ്തത് വല്ലോരുടെം ആയില്ലേ   എന്‍റെ പൈമ്കിളിയെ..മൂലോമില്ല ധനോമില്ല.."  അവള്‍ എന്നെ കൊഞ്ഞനം കാട്ടി കാണും ഇരുട്ടില്‍ ഒന്നും കാണാനും വയ്യ.

"എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന വിദ്യാഭ്യാസം   വിദേശ പഠനം, തൊഴില്‍,  വരുമാനം മലയാളി അടി മുടി മാറിക്കഴിഞ്ഞു..വനിതാ വിമോചനം ..പെണ്ണെഴുത്ത്‌..' ഞാന്‍ വിട്ടില്ല..വരട്ടെ കാര്യങ്ങള്‍ ഏതായാലും നേരം വെളുക്കാന്‍ അധികമില്ല..

"പണം മുഴുവനും തമിഴ് മേശരിമാരും  കാറ് കമ്പനിക്കാരും ജൂവലറി കാരും ഒക്കെ  കൊണ്ട് പോയെന്നാ തോന്നുന്നേ ..ഇരുപതുനായിരം സ്ക്വയര്‍ ഫീറ്റ് വീടും മൂവായിരം സ്ക്വയര്‍ ഫീറ്റ് സിമന്‍റ് കല്ലുകള്‍ പാകിയ മുറ്റോം..പോര്‍ച്ചില്‍ ആളാം പ്രതി കാറുകളും..തന്തേം തള്ളേം അസ്തമയ കേന്ദ്രങ്ങളിലും!

പിന്നെ , പെണ്ണ് എഴുതണം പക്ഷെ അതിനെ ഒരു പേരിട്ടു വിളിയ്ക്കണ്ട കാര്യമില്ല..പണ്ടും പെണ്ണുങ്ങള്‍ ഒന്നാം തരമായി എഴുതിയിട്ടുമുണ്ട് ..."

രംഗം രാത്രി തണുപ്പത്ത് ചൂടാക്കി ..ഒരു ഷോയും സ്വപ്നവും  വരുത്തി വച്ച വിന...അതും മുടങ്ങി..

"പിന്നെ വനിതാ വിമോചനമോ എന്തോ.. എന്തായാലും ഈ ഷോകള്‍ ഒക്കെ ആണുങ്ങളെ കാണിയ്ക്കാനാ"എന്ന് എന്‍റെ അറിവില്ലാത്ത മനസ് പറയുന്നു....അതില്‍ നിന്നൊന്നും ആര്‍കും മോചനമില്ല..
"ഏറെ പറഞ്ഞാല്‍ പറയും അത് തൊഴിലാണ് അല്ലാതെ സ്വത്വം അല്ല എന്നൊക്കെ.. എന്തായാലും അമ്മേം അപ്പനും മക്കളും കൂടിയാ ഇപ്പം മറ്റേ തൊഴിലിനു ആളെ കൂട്ടുന്നത്‌ ..ആദ്യം പണക്കാര്‍ ആകണം പിന്നെ ജീവിയ്ക്കാം." അവള്‍ ഒരു കോട്ടുവാ ദേഷ്യത്തില്‍ വിട്ടു.

  "പുതു തലമുറ അതൊക്കെയാ ഇഷ്ടപ്പെടുന്നെ ..വയലാറും ദേവരാജനും എന്തിനു യേശുദാസ് പോലും കട്ട പൊഹയാ.."  ഞാന്‍ ചിരിച്ചു..

എന്‍റെ മനുഷ്യാ ഇവിടെ ഇപ്പോള്‍ പ്രി മാര്യേജ്  കൌണ്‍സിലിങ്ങ് കളുടെ  കാലമല്ലിയോ...എന്നാല്‍ അതും കഴിഞ്ഞു കല്യാണോം കഴിച്ചു പോകുന്ന കുഞ്ഞുങ്ങളുടെ കാര്യം ആറു മാസം കഴിഞ്ഞു ആരെങ്കിലും തെരക്കാര്‍ ഉണ്ടോ..വീട്ടുകാര്‍ ഒഴിച്ച്  ?    പലതും പല വഴി പിരിഞ്ഞു പോകുകയാ . പുതിയ തലമുറ പോകണ്ട വഴി ആരും കാണിയ്ക്കുന്നില്ല..എല്ലാരും തെരക്കിലാ..വിദ്യാഭ്യാസവും തൊഴിലും കൂടുന്ന പോലെ മനസും കൂടണം..അതിനു വീട്ടില്‍ നിന്നും തുടങ്ങണം.
ഒരു പോസ്റ്റ്‌ മാര്യേജ് കൊണ്ഫ്ളിക്റ്റ്‌  ക്ലിയറിംഗ് ക്ലിനിക്കും ഇനി ആകാം...പിന്നെ ഡ്യൂപ്പ് അല്ലാതെ എങ്ങനെ ജീവിക്കാം എന്നൊരു പഠനവും.   "


അവള്‍ ഈ ഏഴര വെളുപ്പിന് കത്തി കയറുകയാണ്.. യുദ്ധത്തില്‍ ഞാന്‍കീഴടങ്ങി ആവ നാഴി കാലി!!

  അടുക്കള കാരിയായ ഒരു ഭാര്യക്ക് ഇത്ര നിരീക്ഷണ പാടവമോ..പണ്ഡിത മനസോ....വിമോചന   സിദ്ധാംതങ്ങളോ ...!!        നീയാര്‍   കണ്ണകിയാ  കള്ളിയങ്കാട്ടു  നീലിയാ..?

എഴുന്നേറ്റ് കുടിച്ചു ഒരു കൂജ  വെള്ളം കൂടി..

 നേരം   വെള്ള കീറി..എഴുത്തച്ഛന്റെ പനം കിളി പാടുന്നു .."ഷമിനാമിനാ  വാക്ക വാക്ക ..ദിസ്‌ ടൈം ഫോര്‍ അഫ്രികാ.."

ഒന്നുറങ്ങി എന്ന് തോന്നുന്നു ..അപ്പോള്‍ കണ്ട സ്വപനത്തില്‍ മലയാള സിനിമ, ചാനല്‍  ഷോകള്‍  പോലെ മലയാള സംസ്കാരവും നാല്‍ കവലയില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെ  നില്‍ക്കുന്നു" ..
ഞെട്ടിപ്പോയി  ...നിസ്സഹായതയില്‍ ആകാം ഉറക്കം  അറിയാതെ തഴുകി....

"ഗെഡ് മേണിംഗ്     ളേഡീസ്  എന്‍ ജെന്റി ള്‍  മെന്‍ ....ഒറ് ശുപ്രബാതം കുടി ...."
 അടുത്ത ഷോ  എപ്പോള്‍ തുടങ്ങും?